16 July Tuesday
2020 ആകുമ്പോൾ റോഡപകടം പകുതി കുറയ്‌ക്കാൻ നിർദേശം

പാതകൾ കൊലക്കളമാക്കണോ

പി പി കരുണാകരൻUpdated: Thursday May 16, 2019
കാഞ്ഞങ്ങാട‌്
ജില്ലയിലെ മോട്ടോർ വാഹനാപകടം പെരുകുന്നു. 2020 ആകുമ്പോഴേക്കും റോഡപകടങ്ങളുടെ എണ്ണം പകുതിയായി കുറയ‌്ക്കണമെന്ന സർക്കാർ നിർദേശം നിലവിലുണ്ടെങ്കിലും പാലിക്കാൻ സാധിക്കുന്നില്ല‌. കെഎസ‌്ടിപി റോഡിലാണ‌് കൂടുതൽ അപകടങ്ങൾ.  ഈ വർഷം ജനുവരി മുതൽ മാർച്ച‌് വരെ ജില്ലയിൽ 266 റോഡപകടങ്ങളുണ്ടായി.  36 പേർ മരിച്ചു.  329 പേർക്ക‌് പരിക്കേറ്റു. അതീവജാഗ്രത   വേണ്ടതെന്ന‌് മോട്ടോർ വാഹനവകുപ്പ‌് കണ്ടെത്തിയ സ്ഥലങ്ങളിൽ മുന്നറിയിപ്പ‌് ബോർഡുകളും ക്യാമറകളും സ്ഥാപിക്കാൻ ധാരണയായതാണ‌്.  സാങ്കേതിക പ്രശ‌്നങ്ങൾ കൊണ്ടാണ‌് ക്യാമറ സ്ഥാപിക്കാൻ വൈകുന്നത‌്. അലാമിപ്പള്ളി, മാണിക്കോത്തിനും മടിയനുമിടയിൽ, നോർത്ത‌് ചിത്താരി, ബേക്കൽ, ചളിയങ്കോട‌്  എന്നിവയെല്ലാം അപകട സാധ്യതയുള്ള സ്ഥലങ്ങളാണെന്ന‌് കണ്ടെത്തിയതാണ‌്‌. ഇവിടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനം പാഴ‌് വാക്കായി.  
   മുൻമാസങ്ങളിൽ  ഏറ്റവും കൂടുതൽ വാഹനാപകടം ഉണ്ടായത‌്  കാസർകോട‌്–- കാഞ്ഞങ്ങാട‌് കെഎസ‌്ടിപി റോഡിലാണെങ്കിൽ മറ്റുറോഡിലും ഈ മാസം വൻ തോതിൽ വാഹനാപകടങ്ങൾ ഉണ്ടായി. റോഡിന്റെ അവസ്ഥ കൊണ്ടോ റോഡിനെക്കുറിച്ച‌് മുൻപരിചയമില്ലാത്തവർ വാഹനം ഓടിച്ചതുകൊണ്ടോ ഉണ്ടായ അപകടങ്ങളും ഇതിൽപെടും. ഡ്രൈവർമാരുടെ മാനസിക നിലയും റോഡപകടങ്ങളുടെ കാരണമാണ‌്. ദീർഘനേരം വാഹനം ഓടിക്കുന്ന ഒരാളുടെ അപ്പോഴത്തെ ശാരീരികവും മാനസികവുമായ സമ്മർദം റോഡപകടങ്ങൾക്ക‌് നിമിത്തമാകുന്നു.   രാത്രികാലത്ത‌് ചീറിപ്പാഞ്ഞുവരുന്ന ടാങ്കർ ലോറികളും ചരക്കു വാഹനങ്ങളുമെല്ലാം അപകട സാധ്യത വർധിപ്പിക്കുന്നു. ടാങ്കർ ലോറികൾ  കെഎസ‌്ടിപി റോഡിൽ കൂടി സഞ്ചരിക്കാൻ പാടില്ലെന്നു പറയാൻ സാധിക്കില്ലെങ്കിലും  നിയന്ത്രണം ആകാമെന്നാണ‌് പലരുടെയും അഭിപ്രായം. കെഎസ‌്ടിപി റോഡിലെ സാന്ദ്രത കുറയ‌്ക്കണമെന്നാണ‌് പൊലീസിന‌് ലഭിച്ച നിർദേശം.  
കെഎസ‌്ടിപി റോഡിന്റെ  പരിസരത്തുള്ളവർക്ക‌് ട്രോമ കെയർ പരിശീലനം നൽകിയാൽ അപകടങ്ങളിൽപെടുന്നവരെ എത്രയും വേഗം ആശുപത്രികളിൽ എത്തിക്കാൻ സാധിക്കും. കോഴിക്കോട‌് ജില്ലയിൽ ഇങ്ങനെ പരിശീലനം ലഭിച്ച ഒരു ലക്ഷത്തോളം ആളുകളുണ്ട‌്. സ‌്കൂൾ തുറക്കുന്നതോടെ പുതിയ സ‌്ക്വാഡുകളുടെ പരിശോധനകൂടി വരും. മൂന്നു മോട്ടോർ വാഹന ഇൻസ‌്പെക്ടർമാരും ആറ‌് അസി. മോട്ടോർ വാഹന ഇൻസ‌്പെക്ടർമാരും ഒരു ആർടിഒയും ഉൾപ്പെടുന്ന പരിശോധനാ സംവിധാനം ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുണ്ട‌്. അവർക്കാവശ്യമായ  വാഹനങ്ങളും ആസ്ഥാനവും ലഭിച്ചാൽ വാഹനാപകടങ്ങൾ വലിയ തോതിൽ കുറയ‌്ക്കാൻ കഴിയും. ട്രോമ കെയർ പരിശീലനത്തിന‌് കെഎസ‌്ടിപി റോഡിന്റെ സമീപസ്ഥലങ്ങളിൽ സംവിധാനം ഉണ്ടാക്കണം. 
കാസർകോട‌് ബിഎസ‌്എൻഎൽ കെട്ടിടത്തിൽ പുതുതായി ഓഫീസും അനുബന്ധ സൗകര്യങ്ങളും വരുന്നതോടെ പരിശീലന സംവിധാനങ്ങളും ലഭ്യമാകും. അതോടെ സർക്കാർ ലക്ഷ്യമിടുന്ന  പകുതിയായി കുറയുന്ന റോഡപകടം എന്ന മുദ്രാവാക്യവും   വിജയത്തിലെത്തും.
പ്രധാന വാർത്തകൾ
 Top