02 December Wednesday
കലക്ടറേറ്റിൽ മാധ്യമ നിരീക്ഷണ വിഭാഗം തുടങ്ങി

വ്യാജവാർത്ത ഷെയർ ചെയ്താൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 

 
പത്തനംതിട്ട
ജില്ലയിൽ കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് കലക്ടർ പി ബി നൂഹിന്റെ നേതൃത്വത്തിൽ പ്രത്യേക മാധ്യമ നിരീക്ഷണ വിഭാഗം തുടങ്ങി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് നിരീക്ഷണ വിഭാഗം രൂപീകരിച്ചിട്ടുള്ളത്. 
കോവിഡ് 19മായി ബന്ധപ്പെട്ട് ദേശീയവും അന്തർദേശീയവും ആഗോളതലത്തിലുള്ളതുമായ സംഭവങ്ങൾ നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ചിട്ടുള്ള മേഖലയിലെ ആവശ്യകതകൾ മനസിലാക്കി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ കൊറോണ രോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളും പോസ്റ്റുകളും നിരീക്ഷിക്കും. സംസ്ഥാനതലത്തിലുള്ള മാധ്യമ നിരീക്ഷണ സംവിധാനത്തിന്റെ മാതൃകയിലാണ് ജില്ലയിലും നിരീക്ഷണ വിഭാഗം പ്രവർത്തിക്കുന്നത്.  വ്യാജ വാർത്തകളോ, സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഈ വിവരം തുടർ നടപടികൾക്കായി കലക്ടർക്ക് കൈമാറും. പരിശോധനയ്ക്ക് ശേഷം നടപടികൾ ആവശ്യമുള്ള വിഷയങ്ങൾ പൊലീസിന് കൈമാറും. 
ആരോഗ്യവകുപ്പിൽ നിന്നുള്ള അസിസ്റ്റന്റ് സർജന്മാർ, കമ്യൂണിറ്റി മെഡിസിൻ ഡോക്ടർമാർ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം, റവന്യു, ഐടിവകുപ്പ്, പിആർഡി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നിരീക്ഷണ വിഭാഗം പ്രവർത്തിക്കുന്നത്. ഡോ. അംജിത്ത് രാജീവനാണ് തലവൻ. ഡോ.എസ് സേതുലക്ഷ്മി, ഡോ.എസ് ശ്രീകുമാർ, എം അബ്ദുൾകലാം, ഉഷാകുമാരി മാടമൺ, ഐശ്വര്യ ശങ്കർ, ബി ഗീത, പയസ് അഹമ്മദ്, സോണി സാംസൺ, പി ബിനു തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. കോവിഡ് 19 സംബന്ധിച്ച് വ്യാജ സന്ദേശങ്ങളോ, വാർത്തകളോ ശ്രദ്ധയിൽപ്പെട്ടാൽ 9497377823 എന്ന നമ്പരിൽ നിരീക്ഷണ വിഭാഗത്തെ വിവരം അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top