21 April Sunday

പൊള്ളാച്ചി പീഡനം; ഉദുമലപേട്ടയിൽ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

 

 
മറയൂർ
പൊള്ളാച്ചി പീഡന സംഭവത്തിൽ ഉദുമലപേട്ടയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർക്ക് പിന്തുണയുമായി മാവോയിസ്റ്റുകൾ രംഗത്തുള്ളതായി പൊലീസിന‌് രഹസ്യവിവരം ലഭിച്ചു. പീഡനവുമായി ബന്ധപ്പെട്ട്‌ പൊള്ളാച്ചി സ്വദേശിയായ റിസ്വന്ത് എന്ന ശബരി രാജൻ, തിരുനാവക്കരശ്, സതീഷ്, വസന്തകുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, കേസ് സിബിസിഐഡിയിൽനിന്നും സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാനായിട്ടില്ല.
   പിടിക്കപ്പെട്ടവരെ കൂടാതെ അണ്ണാ ഡിഎംകെ നേതാവും ഡെപ്യൂട്ടി സ്പീക്കറും പൊള്ളാച്ചി എംഎൽഎയുമായ പൊള്ളാച്ചി ജയരാമന്റെ മകനടക്കമുള്ള പ്രമുഖർ ബന്ധപ്പെട്ടതായി ആക്ഷേപമുയർന്നിട്ടുണ്ട‌്. ഇതോടെയാണ്‌ കേസ് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടതും പ്രതിഷേധം ഉയർന്നതും. 
200 ലധികം പെൺകുട്ടികളെ പ്രണയ കെണിയിൽ വീഴ്ത്തി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ച കേസാണ് ഇത്. ഒരു പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് നിരവധി പീഡന കഥകൾ പുറത്തുവന്നത്. സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥിനികളുടെ ശക്തമായ സമരം നടക്കുന്നുണ്ട്‌. ഉടുമലൈ ടൗണിൽ കോളേജ് വിദ്യാർഥികളുടെ മണിക്കൂറുകൾ നീണ്ട റോഡ് ഉപരോധസമരം നടന്നു. എല്ലാ പ്രതികളെയും പിടികൂടി തൂക്കികൊല്ലണമെന്നും പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
   സമരത്തിന്റെ ശക്തി നാൾക്കുനാൾ വർധിച്ചുവരുന്നതിന്റെ പിന്നിൽ മാവോയിസ്റ്റുകളുടെ ശക്തമായ ഇടപെടൽ ഉള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതികൾ ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുമെന്ന പ്രചാരണമാണ്‌ പ്രതിഷേധക്കാർ വ്യാപക സമരത്തിലേക്ക്‌ പോയത്‌. പ്രതിഷേധം ശക്തമാക്കി ആക്രമങ്ങളിലേക്ക് നയിക്കുക എന്നതാണ് മാവോയിസ്റ്റ് ലക്ഷ്യമിടുന്നത്. പിടിക്കപ്പെട്ട പ്രതികളെ കോടതിയിൽ എത്തിക്കുമ്പോഴോ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴോ ആക്രമിക്കപ്പെടുമെന്ന ആശങ്കയിൽ ശക്തമായ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ പൊള്ളാച്ചി, വാൾപ്പാറ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മാത്രം 30 വയസ്സിന് താഴെയുള്ള 82 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതിൽ 28 പെൺകുട്ടികൾ സ്കൂൾ, കോളേജ് വിദ്യാർഥിനികളാണ്.ഇവരുടെ മരണവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉയരുന്നു. സിബിഐ അന്വേഷണത്തിൽ ഇതെല്ലാം പുറത്തുവരുമെന്ന പ്രതീക്ഷയാണ‌് പ്രതിഷേധക്കാർക്കുള്ളത്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top