12 December Thursday

അമൃതം... ഈ സംഘബോധം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 16, 2018

വടകര > കുഞ്ഞുങ്ങളുടെ പോഷകക്കുറവ് പരിഹരിക്കുന്നതില്‍ഈ കൂട്ടായ്മ വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്കണവാടികള്‍ മുഖേന കഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പ്രോട്ടീന്‍ ഉല്‍പ്പന്നമായ 'അമൃതം പൊടി' നിര്‍മാണത്തിലൂടെ നാടിനും നഗരസഭയ്ക്കും അഭിമാനമാവുകയാണ് വടകര താഴെഅങ്ങാടിയിലെ ഈ കുടുംബശ്രീ യൂണിറ്റ്. ഗുണമേന്മയില്‍ അണുകിട വ്യതിചലിക്കാതെ ആത്മ സമര്‍പ്പിത ഉല്‍പ്പന്നമായ അമൃതം പൊടി കുടുംബശ്രീ സംഘ ബോധത്തിന്റെ മാതൃക കൂടിയാണ്.
നഗരസഭ നേതൃത്വത്തില്‍ പതിമൂന്ന് വര്‍ഷം മുമ്പ് താഴെ അങ്ങാടിയില്‍ ഉല്‍പാദന കേന്ദ്രം ആരംഭിച്ചത്. ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെയാണ് കുഞ്ഞുങ്ങളുടെ  ഇഷ്ട വിഭവമായ അമൃതം പൊടി തയ്യാറാക്കുന്നത്. വറുക്കലും പൊടിക്കലും പേക്കിങ്ങുമെല്ലാം മെഷീന്റെ സഹായത്താലാണ്. ഒമ്പത് ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് ഉല്‍പാദനം.  ഗോതമ്പ്, നിലക്കടല, സോയബീന്‍, പഞ്ചസാര എന്നിവയാണ് പ്രധാന മിശ്രിതം.  ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേനയാണ് നിര്‍മ്മാണം. ജില്ലയില്‍ പയ്യോളി, കൂരാച്ചുണ്ട്, എടച്ചേരി തുടങ്ങിയ അമ്പതോളം കേന്ദ്രങ്ങളില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതായി വിജില പറഞ്ഞു. ഇതിനെ പൊതു മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനായി പുട്ടുപൊടിയും, മുത്താറി പൊടിയും നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. നിത്യേന അഞ്ചൂറോളം പാക്കറ്റുകളാണ് ഉല്‍പാദിപ്പിക്കുന്നത്.
നഗരസഭയിലെ 84 അങ്കണവാടികളില്‍ കൃത്യതയോടെ വിതരണം ചെയ്യുന്നു.  ഉല്‍പന്നത്തിന്റെ ഗുണനിലവാര പരിശോധന ഐസിഡിഎസ്  മുഖേന ചെന്നൈയില്‍ നിന്നാണ്.  വി ടി ഗീത പ്രസിഡന്റായും എം വി ലത സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന വടകരയിലെ കേന്ദ്രത്തില്‍ ഒമ്പത് ജീവനക്കാരുണ്ട്.  എം പി വിജില, ടി കെ പ്രഭ, കെ ശ്രീജ, പി പി പ്രേമി, പി പി ലത, ബീന, പി പി ശ്രീജ എന്നിവര്‍ ജീവനക്കാരാണ്. ബഹുരാഷ്ട കമ്പനികളുടെ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളെക്കാള്‍ ആവശ്യക്കാരേറെ അമൃതം പൊടിക്കാണ്.
നേരത്തെ ഭൂരിപക്ഷം രക്ഷിതാക്കളും ഇതിന്റെ പോഷകമേന്മകള്‍ മനസ്സിലാക്കാതെ കുട്ടികള്‍ക്ക് കൊടുക്കാതെ കളയുകയായിരുന്നു. ഇപ്പോള്‍ പലതരം വിഭവങ്ങളുണ്ടാക്കി കുട്ടികള്‍ക്ക് നല്‍കാന്‍ മത്സരിക്കുകയാണ്.
അത്രത്തോളമാണിതിന്റെ ഗുണമേന്മ. പാല്‍ ചേര്‍ത്ത് കുറുക്കു പരുവമാക്കി കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ മടുപ്പുളവാക്കുന്നതിനാല്‍ അമ്മമാര്‍ ഇടിയപ്പം, ഉണ്ട, ഇലയട, കറപ്പയട, പുട്ട് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കിയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഐസിഡിഎസ് അങ്കണവാടികള്‍ മുഖേനയാണ് സൌജന്യമായി അമൃതം പൊടി വിതരണം ചെയ്യുന്നത്. 

പ്രധാന വാർത്തകൾ
 Top