16 August Sunday

പാലക്കാട്‌ 350 ലിറ്റർ സ്‌പിരിറ്റുമായി 2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

ആലത്തൂർ >  മുന്നൂറ്റിയമ്പത്‌ ലിറ്റർ സ്‌പിരിറ്റുമായി യുവാക്കൾ എക്‌സൈസ്‌ സംഘത്തിന്റെ പിടിയിൽ. ചിറ്റൂർ, വണ്ണാമട സ്വദേശി സിദ്ദീഖ് (35), വണ്ണാമട രാജേഷ്‌ (35) എന്നിവരെ സാഹസികമായാണ്‌ പിടികൂടിയത്‌. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും ആലത്തൂർ റേഞ്ചും സംയുക്തമായി ആലത്തൂർ, കൊന്നഞ്ചേരി ഭാഗത്തുനടത്തിയ പരിശോധനയിലാണ്‌ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച സ്‌പിരിറ്റ്‌ പിടിച്ചത്‌. വടക്കഞ്ചേരി ടോൾ പ്ലാസക്ക് അടുത്ത് പരിശോധനാസംഘം കാർ തടഞ്ഞു. എന്നാൽ നിർത്താതെ അതിവേഗതയിൽ ആലത്തൂർ, കണ്ണമ്പ്ര, കാവശേരി ഭാഗത്തേക്ക്‌ പോയി. ഐബിയും ആലത്തൂർ റേഞ്ച് സർക്കിൾ സംഘവും പിന്തുടർന്നു. 
 
കൊന്നശേരി ഭാഗത്ത്‌ മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചതോടെ  പ്രതികൾ ഇറങ്ങി ഓടി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു. 
തൃശൂർ ഭാഗത്തേക്കാണ് സ്പിരിറ്റ്‌ കൊണ്ടുപോയതെന്ന് പ്രതികൾ മൊഴിനൽകി. ക്രിസ്‌മസ്, -ന്യൂ ഇയർ ആഘോഷങ്ങൾക്കായി പൊള്ളാച്ചിയിൽനിന്നും തെക്കൻ ജില്ലകളിലെ കള്ള് ഷാപ്പുകളിൽ ഉപയോഗിക്കുന്നതിന് ധാരാളം സ്പിരിറ്റ്‌ അതിർത്തി വഴി പോകുന്നു എന്ന്‌ എക്‌സൈസിന്‌ വിവരം ലഭിച്ചിരുന്നു. 
 
പിടിയിലായവർ ചിറ്റൂരിലെ കള്ള് വ്യവസായ മേഖലയിൽ ജോലി ചെയ്തു വരുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി. ഇവർ ഇതേ വാഹനത്തിൽ  മുമ്പും സ്പിരിറ്റ്‌ കടത്തിയതായി സമ്മതിച്ചു.പാലക്കാട് ഐബിയുടെ നേതൃത്വത്തിൽ ഈ വർഷം പിടിക്കുന്ന നാലാമത്തെ സ്പിരിറ്റ്‌ കേസാണിത്. എക്സൈസ് ഇൻസ്പെക്ടർമാരായ വി അനൂപ്, പ്രശോഭ്‌, പ്രിവന്റീവ് ഓഫീസർമാരായ സി സെന്തിൽകുമാർ, ആർ റിനോഷ്, എം യൂനുസ്, കെ എസ് സജിത്, എം എസ് മിനു, ആർ വിനോദ്കുമാർ, പി സന്തോഷ് , സിവിൽ എക്‌സൈസ്‌ ഓഫീസർ ജമാലുദീൻ, ഡ്രൈവർമാരായ ജ്യോതിവാസൻ, സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top