28 June Tuesday

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ‌ിന‌് ആശ്വാസം മൂവാരി സമുദായം ഒബിസിയിൽ

സ്വന്തം ലേഖകൻUpdated: Saturday Dec 15, 2018
കാസർകോട‌്
അർഹതയുണ്ടായിട്ടും പിന്നോക്കവിഭാഗമായി അംഗീകരിക്കപ്പെടാതിരുന്ന  മൂവാരി/മുഖാരി സമുദായത്തിന് ആശ്വാസമായി എൽഡിഎഫ് സർക്കാരിന്റെ  തീരുമാനം. മുവാരി/ മുഖാരി സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ പിന്നോക്ക വിഭാഗത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും ഇനിമുതൽ ഇവർക്ക് ലഭിക്കും.  കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ‌് ഈ തീരുമാനമെടുത്തത‌്. അരനൂറ്റാണ്ടിലേറെയായി ഈ സമുദായത്തിൽ പെട്ടവർ ഉന്നയിക്കുന്ന ആവശ്യമാണ‌് ഇതോടെ സാക്ഷാത‌്കരിക്കപ്പെട്ടത‌്.  മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട‌് മന്ത്രി എ കെ ബാലന്റെ കത്ത‌് ലഭിച്ചതായി പി കരുണാകരൻ എംപി പറഞ്ഞു. 
കേന്ദ്രസർക്കാരിന്റെ പിന്നോക്ക വിഭാഗ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു ലിസ്റ്റിലും ഉൾപ്പെടാതെ അവഗണിക്കപ്പെട്ട സമൂഹമായി ജീവിക്കുകയായിരുന്നു ഇവർ. സാമ്പത്തികമായും സാമൂഹ്യമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇവർ.  എന്നാൽ സംവരണ ആനുകൂല്യങ്ങളൊന്നും  ലഭിച്ചില്ല. കല്ലുചെത്ത് തൊഴിലാളികളും മുളയുപയോഗിച്ച് കൂട്ടപോലുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്നവരുമാണ് മുവാരി/ മുഖാരി സമുദായത്തിലുള്ളവർ. വീട് നിർമാണ പ്രവർത്തനങ്ങളിലും ഇവർ തൊഴിലെടുക്കുന്നു. കണ്ണൂർ–- കാസർകോട‌് ജില്ലകളിലായി രണ്ടായിരത്തോളം കുടുംബങ്ങളിലായി ഇരുപതിനായിരത്തിൽ താഴെ പേരാണ‌്  മുഖാരി/ മൂവാരി സമുദായത്തിലായുള്ളത‌്. 1962 വരെ ഈ വിഭാഗം ഒബിസി ആയിരുന്നു. പിന്നീട‌്  സർക്കാർ ഗസറ്റിൽനിന്ന‌് ഇവർ ഒഴിവാക്കപ്പെട്ടു. വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിച്ചെങ്കിലും മറ്റ‌് ആനുകൂല്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ഇതേകുറിച്ച‌് പഠിക്കാൻ സർക്കാർ കിർത്താഡ‌്സിനെ ചുമതലപ്പെടുത്തി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇവരുടെ പ്രശ്നം ഗൗരവത്തോടെ എടുക്കുകയായിരുന്നു. കിർത്താഡ്സിന്റെ  റിപ്പോർട്ടുകൾ പരിശോധിച്ച് സംസ്ഥാന പിന്നോക്ക വിഭാഗ കമീഷൻ തെളിവെടുപ്പ്  നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചു. ഇതിന്റെ  അടിസ്ഥാനത്തിലാണ‌് ഈ സമുദായത്തെ ഒബിസിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത‌്. 
കണ്ണൂർ ജില്ലയിലെ ചെറുതാഴം, കടന്നപ്പള്ളി–-പാണപ്പുഴ, ചെറുപുഴ, മാടായി, കാങ്കോൽ–- ആലപ്പടമ്പ‌്, കരിവെള്ളൂർ, പെരളം, കണ്ണപുരം പഞ്ചായത്തുകളിലും പയ്യന്നൂർ മുനിസിപ്പാലിറ്റിയിലും കാസർകോട‌് ജില്ലയിലെ കയ്യൂർ–- ചീമേനി, പുല്ലൂർ–- പെരിയ, കിനാനൂർ–- കരിന്തളം, മടിക്കൈ, വെസ‌്റ്റ‌് എളേരി, കോടോം–-ബേളൂർ, ബദിയടുക്ക, അജാനൂർ, കുമ്പഡാജെ, ചെങ്കള, ദേലമ്പാടി, പുത്തിഗെ പഞ്ചായത്തുകളിലും നീശേല്വരം, കാസർകോട‌് മുനിസിപ്പാലിറ്റികളിലുമാണ‌് മുവാരി/മുഖാരി സമുദായത്തിൽ പെട്ടവർ ഉള്ളത‌്. ചന്ദ്രഗിരി പുഴയുടെ വടക്ക‌് ഭാഗത്തുള്ളവരാണ‌് മൂവാരി വിഭാഗത്തിൽ പെട്ടവർ. തുളു ഭാഷ ഉപയോഗിക്കുന്നവരുൾപെടുന്നതാണ‌് മുഖാരി. 
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം സർക്കാർ ഇവരുടെ ആവശ്യം പരിഗണിച്ചതിൽ ഈ സമുദായത്തിൽ പെട്ടവർ ഏറെ ആഹ്ലാദത്തിലാണ‌്. ഒബിസിയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിന‌് നന്ദി പറയുന്നതായി മുഖാരി/ മൂവാരി സമുദായസംഘം  സംസ്ഥാന പ്രസിഡന്റ‌് രാധാകൃഷ‌്ണൻ കണ്മണി പറഞ്ഞു.  ഈ വിഭാഗത്തിൽ പെട്ടവരുടെ ആവശ്യം സംസ്ഥാന സർക്കാരിനു മുന്നിൽ നിരന്തരം കൊണ്ടുവന്നിരുന്നതായി പി കരുണാകരൻ എംപി പറഞ്ഞു. ആവശ്യം പരിഗണിച്ച‌് ഒബിസിയിൽ ഉൾപെടുത്തിയ സർക്കാർ തീരുമാനം മാതൃകാപരമാണ‌്. സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന മുഖാരി/ മൂവാരി സമുദായത്തിന‌് സർക്കാരിന്റെ തീരുമാനം ഏറെ സഹായകരമാകും. ഏറെക്കാലമായി പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിട്ടും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ കഴിഞ്ഞ  ഒരു വിഭാഗത്തെ എൽഡിഎഫ് സർക്കാർ കൈപിടിച്ചുയർത്തുകയാണെന്ന്  മന്ത്രി എ കെ ബാലൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top