പന്തളം > അങ്ങനെ പന്തളം പൌരാവലി കാത്തിരുന്ന കുറുന്തോട്ടയം പാലം തുറക്കല്‍ ഉത്സവാന്തരീക്ഷത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ നടന്നു. ഇടുങ്ങിയ പഴയ പാലത്തിന്റെ ബുദ്ധിമുട്ടുകളും പഴയപാലം പൊളിക്കലിനെത്തുടര്ന്ന് സഹിച്ച അലച്ചിലുകളും പുതിയ പാലത്തിലൂടെ ആഹ്ളാദത്തിമിര്‍പ്പില്‍ നിരന്നൊഴുകിയപ്പോള് നാട്ടുകാര്‍ സന്തോഷത്തോടെ മറന്നു.
പാലം നിര്‍മാണത്തിന്റെ അവസാനഘട്ട പ്രവൃത്തികള്‍ കാണാന്‍ മന്ത്രി ജി സുധാകരന് എത്തിയപ്പോള്‍ ഉദ്ഘാടനദിവസം പ്രഖ്യാപിച്ചതു മുതല്‍ ജനം ഓരോ ദിവസവും എണ്ണി ഈ സുദിനത്തിനായി കാത്തിരിക്കുകയായിരുന്നു. എംസി റോഡില്‍ പന്തളം ജങ്ഷന് സമീപമുളള പാലമെന്ന നിലയില്‍ പാലത്തിന്റെ നിര്‍മാണത്തുടക്കം മുതല്‍ പരിസരവാസികളും പന്തളത്ത് എത്തിയ നാട്ടുകാരും പുതിയപാലത്തിന്റെ ഓരോ പുരോഗതിയും നേരിട്ടറിഞ്ഞതിനാല്‍ പാലത്തിന്റെ പൂര്ത്തീകരണവേള ആഘോഷമാക്കാന്‍ സംഘാടകരും തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഉദ്ഘാടനത്തിന് മുമ്പ് പന്തളം മെഡിക്കല്‍മിഷന്‍ ജങ്ഷന്‍മുതല്‍ പാലം വരെ വാദ്യമേളങ്ങളും വായ്ത്താിയുമായി ജനം മുഖ്യാതിഥികളുമായി സ്വീകരണഘോഷയാത്ര നടത്തി. പന്തളം പൌരാവലി ഒറ്റക്കെട്ടായി ആഘോഷങ്ങളില്‍ പങ്കെടുത്തു. ഘോഷയാത്ര പാലത്തിനടുത്തെത്തിയപ്പോള്‍ മന്ത്രി ജി സുധാകരന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ശിലാഫലകം അനാഛാദനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷനായി.
എംഎല്‍എമാരായ അഡ്വ. കെ കെ രാമചന്ദ്രന്‍നായര്‍, വീണാജോര്‍ജ്, പന്തളം നഗരസഭാധ്യക്ഷ ടി കെ സതി, വൈസ് ചെയര്മാന് ഡി രവീന്ദ്രന്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്, അലകസ് കണ്ണമല, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, ഇ എ അബ്ദുള്‍ റഹ്മാന്, കൌണ്‍സിലര്‍മാരായ കെ ആര് രവി, ലസിതാനായര്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി വി ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കടയ്ക്കാട്- കൈപ്പട്ടൂര്‍ റോഡിന്റെ ഉദ്ഘാടനം തുമ്പമണ്ണില്‍ ജി സുധാകരന് നിര്‍വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷനായി. അന്നപൂര്‍ണാദേവി, കെ പി ഉദയഭാനു, എ പി ജയന്, ടി കെ സതി, സഖറിയാ വര്‍ഗീസ്, ലിസിമോള് ജോസഫ്, എലിസബത്ത് അബു, തോമസ് ടി വര്‍ഗീസ്, മോനി ബാബു എന്നിവര്‍ സംസാരിച്ചു.ചീഫ് എന്‍ജിനീയര്‍ പി കെ സതീശന് സ്വാഗതവും, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.