തിരുവല്ല
ഇരുനൂറോളം മോഷണ കേസുകളിലെ പ്രതി ജയിലിൽനിന്നിറങ്ങി വീണ്ടും മോഷണം നടത്തിയപ്പോൾ പിടിയിലായി. തിരുവനന്തപുരം പോത്തൻകോട് കരൂർകോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ(47) ആണ് തിരുവല്ലയിൽ പിടിയിലായത്.
ഇയാളുടെ കൂട്ടാളി കവിയൂർ ഞാൽഭാഗം ചക്കാലയിൽ വീട്ടിൽ ജേക്കബ് തോമസിനെയും തിരുവല്ല സിഐ ബൈജുകുമാർ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം
കസ്റ്റഡിയിലെടുത്തു.
ഇരുപത് വർഷത്തിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ഇരുനൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് ബിജു. 2016ൽ പിടിയിലായ ഇയാൾക്കെതിരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 25 കേസുകൾ തെളിയുകയും നിരവധി വാഹനങ്ങളും സ്വർണ ഉരുപ്പടികളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ജൂലൈയിൽ അടൂരിലും പരിസരങ്ങളിലുമായി പത്തോളം വീടുകളിൽ മോഷണം നടത്തിയതോടെയാണ് വീണ്ടും പിടിയിലായത്.
ഈ കേസുകളിലെ തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ബിജു മോചിതനാകുന്നത്. അന്നുരാത്രി തന്നെ അടൂർ ഏഴംകുളത്ത് എത്തി നെടുമൺ കരിക്കൽപൊയ്കയിൽ സാബു വർഗീസിന്റെ വീടിന്റെ കതക് പൊളിച്ച് അകത്തുകയറി പണവും പോർച്ചിൽകിടന്ന മാരുതി എസ്റ്റിലോ കാറും മോഷ്ടിച്ചു. ഞായറാഴ്ച തിരുവല്ല തീപ്പനിയിലെ പറമ്പിൽപുത്തൻപുരയിൽ സജീവ് മാത്യുവിന്റെ വീട്ടിൽനിന്ന് പണവും സ്വിഫ്റ്റ് ഡിസയർ കാറും അപഹരിച്ചു. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് തുടർച്ചയായ മോഷണങ്ങൾ നടന്നതോടെ ജില്ലാ പൊലീസ് മേധാവി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിജു
പിടിയിലാകുന്നത്.
പകൽ സമയങ്ങളിൽ പച്ചക്കറി വ്യാപാരം നടത്തുന്ന വ്യാജേന ഉന്തുവണ്ടിയുമായി ഉൾപ്രദേശങ്ങളിൽ സഞ്ചരിച്ചാണ് ആളില്ലാത്ത വീടുകൾ ബിജു നോക്കിവയ്ക്കുന്നത്. രാത്രി വാതിൽ പൊളിച്ച് അകത്തുകയറി അടുക്കളയിൽ ഭക്ഷണം തയാറാക്കി കഴിക്കുകയും മദ്യപിക്കുകയും ചെയ്തശേഷം മോഷണം നടത്തും. പിന്നീട് താക്കോൽ കണ്ടെത്തി പോർച്ചിൽ കിടക്കുന്ന കാറും ബൈക്കും മോഷ്ടിക്കും. വാഹനങ്ങൾ കുറഞ്ഞവിലയ്ക്ക് വിൽക്കുകയും പറ്റാത്തവ ഉപേക്ഷിക്കുകയും ചെയ്യും.
കോന്നി, കോഴഞ്ചേരി, അടൂർ, തിരുവല്ല എന്നിവിടങ്ങളിൽ ഇയാൾ വാടകയ്ക്ക് താമസിച്ച് മോഷണം നടത്തിയിരുന്നു. കൂട്ടാളി ജേക്കബ് ആണ് വാഹനങ്ങൾ വിൽക്കാൻ ഇയാളെ സഹായിച്ചിരുന്നത്. തോട്ടഭാഗത്ത് വൈദികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജേക്കബ്. ജയിലിൽവച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്.