06 December Friday

കല്ലുമല മേൽപ്പാലം: 
കെട്ടിടങ്ങൾ ഉടന്‍ പൊളിക്കും

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2024

കല്ലുമല റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി റോഡിനിരുവശത്തെയും നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റുന്നു. ബിഷപ് മൂര്‍ കോളേജ് ഹോസ്റ്റലിനു മുന്നിലെ കാഴ്ച

മാവേലിക്കര
കല്ലുമല റെയിൽവേ മേൽപ്പാലം പദ്ധതിപ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്‌ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. പുതുക്കിയ എസ്‌റ്റിമേറ്റ്‌ തുകയ്‌ക്കുള്ള അനുമതി കിഫ്‌ബിയിൽനിന്ന്‌ ലഭിച്ചാലുടൻ ടെൻഡർ നടപടി ആരംഭിക്കുമെന്ന്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ഓഫ്‌ കേരള (ആർബിഡിസികെ) സീനിയർ മാനേജർ മുഹ്‌സിൻ ബക്കർ പറഞ്ഞു. തുടക്കത്തിൽ 38.22 കോടിയാണ് പദ്ധതിക്കായി നിശ്ചയിച്ചിരുന്നത്. ഇത് പുതുക്കി 48.44 കോടിയാക്കി.
ചെറിയനാട്-, മാവേലിക്കര സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കരയ്‌ക്ക്‌ വടക്കുഭാഗത്താണ്‌ മേൽപ്പാലം വരുന്നത്. പടിഞ്ഞാറ് വെള്ളൂർക്കുളം മുതൽ കിഴക്ക് ബിഷപ്മൂർ കോളേജ് ഹോസ്റ്റലിന് മുന്നിൽ വരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ്  നിർമാണം. 1.50 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയുമുണ്ടാവും. പാളം മറികടക്കുന്ന ഭാഗത്ത് 8.3 മീറ്ററാണ്  ഉയരം. ഒന്നാം പിണറായി സർക്കാരാണ്‌ പദ്ധതിക്ക്‌ തുക അനുവദിച്ചത്‌. രണ്ടാം പിണറായി സർക്കാർ  ഭൂമി ഏറ്റെടുക്കൽ നടപടി സ്വീകരിച്ചു. നിർമാണച്ചുമതല ആർബിഡിസികെയ്‌ക്ക്‌ നൽകി ഉത്തരവിറക്കി. 
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം 2023 നവംബർ 22 നാണ് പുറത്തിറങ്ങിയത്. ഇതനുസരിച്ച് 1.55 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. പദ്ധതി പ്രദേശത്ത്‌ ഭൂമിയും വീടും സ്ഥാപനങ്ങളും ഉണ്ടായിരുന്ന 39 പേർക്ക്‌ നഷ്ടപരിഹാരതുകയായി 10,69,20,426 രൂപ  വിതരണം ചെയ്‌തു. തുടർന്നാണ്‌ സ്ഥലം നിർമാണചുമതലക്കാരായ ആർബിഡിസികെക്ക് കൈമാറി. 
പദ്ധതിപ്രദേശത്തെ പഴയ  പത്തു ടവറുകൾ മാറ്റി  മൂന്നുടവറുകൾ കെഎസ്ഇബി പുതുതായി സ്ഥാപിക്കും.  പ്രവർത്തനങ്ങൾക്കായി ആർബിഡിസികെ 2.1 കോടി രൂപ കെഎസ്‌ഇബി  പ്രസരണവിഭാഗത്തിന് നൽകി. ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി ലൈനുകളും സമയബന്ധിതമായി മാറ്റിസ്ഥാപിക്കും. സംസ്ഥാനസർക്കാരിന്റെ വികസനനയത്തിന്റെയും ഇച്ഛാശക്തിയുടെയും തെളിവാണ് മേൽപ്പാലമെന്ന്‌ എം എസ്‌ അരുൺകുമാർ എംഎൽഎ പറഞ്ഞു. മണ്ഡലത്തിന്റെ വികസനചരിത്രത്തിൽ ഇത്‌ നാഴികക്കല്ലാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top