06 July Monday
വട്ടിയൂർക്കാവിന്റെ വിജയഭേരി

വികസന നായകനെത്തി

വിജേഷ്‌ ചൂടൽUpdated: Tuesday Oct 15, 2019

പേരൂർക്കടയിൽ നടന്ന എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ െപാതുസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി വി കെ പ്രശാന്തിനെ ഹസ്‌തദാനം ചെയ്യുന്നു

തിരുവനന്തപുരം 
വികസനത്തിന്റെ രാഷ്‌ട്രീയവും ജനകീയ പ്രതിബദ്ധതയും ഉയർത്തിക്കാട്ടി വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ . എൽഡിഎഫ്‌ സർക്കാരിന്റെ വികസനപദ്ധതികൾ കൃത്യമായ കണക്കുകളോടെ അക്കമിട്ട്‌ നിരത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം ജനങ്ങൾ കരഘോഷത്തോടെ ഏറ്റെടുത്തപ്പോൾ രാഷ്‌ട്രീയ എതിരാളികൾക്കത്‌  മറുപടിയില്ലാതായി. തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തെ വികസനത്തിന്റെ രാഷ്‌ട്രീയത്തിലേക്ക്‌ കൃത്യമായി ഉറപ്പിച്ചുനിർത്തുന്നതായി മുഖ്യമന്ത്രിയുടെ പ്രസംഗം. 
താൽക്കാലികനേട്ടങ്ങൾക്കായി യുഡിഎഫും ബിജെപിയും ഉയർത്തുന്ന ബാലിശമായ വാദങ്ങൾ നാടിനോ ജനങ്ങൾക്കോ ഉപകാരപ്പെടാത്ത ഗിമ്മിക്കുകൾ മാത്രമാണെന്ന്‌ ഏതൊരാൾക്കും ബോധ്യപ്പെടുന്നതായിരുന്നു പിണറായിയുടെ വാക്കുകൾ. പ്രതിപക്ഷം ഉയർത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സ്‌പർശിക്കാൻപോലും അദ്ദേഹം  തയ്യാറായില്ല. അത്തരം കാര്യങ്ങക്ക്‌ അതെ നിലവാരത്തിൽ മറുപടി പറയാൻ ഇപ്പോൾ നിൽക്കുന്നില്ലെന്നും ചർച്ചചെയ്യാൻ മറ്റ്‌ കാര്യങ്ങളുണ്ടെന്നും മാത്രം പറഞ്ഞുവച്ചു. 
വട്ടിയൂർക്കാവ്‌, പേരൂർക്കട, നന്തൻകോട്‌ എന്നീ മൂന്ന്‌ കേന്ദ്രങ്ങളിലും വൻ ജനസഞ്ചയമാണ്‌ മുഖ്യമന്ത്രിയെ കേൾക്കാൻ എത്തിയത്‌. എൽഡിഎഫ്‌ സർക്കാർ മൂന്നര വർഷം കൊണ്ട്‌ നടപ്പാക്കിയ നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. 
ദേശീയപാതയും ജലപാതയും മുതൽ തീരദേശ–-മലയോര ഹൈവേകൾ വരെയും ഗെയിൽ പൈപ്പ്‌ലൈൻ മുതൽ വ്യവസായ ഇടനാഴിവരെയും വികസന നേട്ടങ്ങൾ ഓരോന്നും ചുരുങ്ങിയ വാക്കുകളിൽ വ്യക്തതയോടെ അദ്ദേഹം വിവരിച്ചു. ഓരോന്നും നിറഞ്ഞ കൈയടിയോടെ  ജനാവലി  സ്വീകരിച്ചു. ഏതെങ്കിലും ഒന്നോ രണ്ടോ കാര്യത്തിൽ മാത്രമല്ല, എല്ലാത്തിലും കേരളം നമ്പർ വൺ ആണെന്ന പ്രഖ്യാപനത്തെ വൻ കരഘോഷവും മുദ്രാവാക്യവും കൊണ്ടാണ്‌ ജനം വരവേറ്റത്‌. ലോകോത്തര കമ്പനികൾ പലതും ഇപ്പോൾ കേരളത്തിൽ വരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുവെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ആ പട്ടിക വിശദീകരിച്ചു. ഓരോ കമ്പനിയുടെയും പേരുകൾ യുവതീയുവാക്കൾ ആവേശത്തോടെ  കൈയടിയോടെ സ്വീകരിച്ചു. എല്ലാത്തിനുമൊടുവിൽ സദസിനോട്‌ ഒരു ചോദ്യവുമെറിഞ്ഞു–- യുഡിഎഫ്‌ ഭരണമാണ്‌ തുടർന്നതെങ്കിൽ ഇതിൽ ഏതെങ്കിലും  നടക്കുമായിരുന്നോ? 
സ്ഥാനാർഥി വി കെ പ്രശാന്തിന്റെ ജനകീയത ഒരിക്കൽക്കൂടി വെളിവാക്കുന്നതായി  മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോങ്ങൾ. പ്രശാന്തിന്റെ പേര്‌ പരാമർശിക്കുമ്പൊഴല്ലാം സദസ്‌ ഇളകിമറിഞ്ഞു. പ്രശാന്തിനെതിരെ എതിരാളികൾ നടത്തുന്ന വ്യക്തിഹത്യക്ക്‌ താൻ മറുപടി പറയുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ വോട്ടർമാർ മറുപടി നൽകുമെന്നും പിണറായി പറഞ്ഞു. കൂടുതൽ മികവോടെ നാടിന്റെ ഭാവി കരുത്തുറ്റതാക്കാൻ എൽഡിഎഫിനൊപ്പം നിൽക്കുന്ന ജനപ്രതിനിധിയെയാണ്‌ തെരഞ്ഞെടുക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ ആരവത്തോടെ ജനങ്ങൾ ഹൃദയത്തിലേറ്റുവാങ്ങി.
 
 
 
പ്രധാന വാർത്തകൾ
 Top