18 November Monday

പ്രതിസന്ധിയിൽ പ്രശാന്തുണ്ടാകും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

എച്ച്‌എൽഎൽ ലൈഫ്‌ കെയറിലെത്തിയ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്ത്‌ വോട്ടഭ്യർഥിക്കുന്നു

 
തിരുവനന്തപുരം
"ഞങ്ങൾക്ക്‌ പ്രശാന്തിൽ വിശ്വാസമുണ്ട്‌. തൊഴിലാളികൾക്കായി ശബ്‌ദമുയർത്തുമെന്ന ഉറപ്പുണ്ട്‌. ഞങ്ങൾക്കുവേണ്ടി തെരുവിൽ സമരം നടത്തിയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ്‌. പ്രതിസന്ധിയിൽ ഉപേക്ഷിച്ചുപോകാതെ ഒപ്പം ഉണ്ടാകുമെന്ന ഉറപ്പുണ്ട്‌. ഹിന്ദുസ്ഥാൻ ലൈഫ്‌ കെയർ പേരൂർക്കടയിലെ ജീവനക്കാരനായ വൈശാഖിന്റെ വാക്കുകളിൽ കരുതലിന്റെ സാക്ഷ്യം. 
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പൂർണമായും സ്വകാര്യ കൈകളിലേക്ക് എത്തിക്കാനുള്ള മോഡി സർക്കാരിനെതിരെയുള്ള അമിതരോഷമുണ്ട്‌. കേന്ദ്രനീക്കത്തിനെതിരെ ചെറുവിരൽപോലുമനക്കാൻ തയ്യാറാകാതിരുന്ന കോൺഗ്രസിനെതിരെയുള്ള വികാരമുണ്ട്‌. 
തിങ്കളാഴ്‌ച വട്ടിയൂർക്കാവ്‌ ജങ്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗത്തിനുശേഷം പ്രശാന്തെത്തിയത്‌ പേരൂർക്കടയിലെ എച്ച്‌എൽഎല്ലിലാണ്‌. മുദ്രാവാക്യവും ഹാരവുമായാണ്‌ ജീവനക്കാർ തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ സ്വീകരിച്ചത്‌. "നോക്ക്‌ നമ്മുടെ മേയർ ബ്രോ'യെന്നുപറഞ്ഞ്‌ അൽ അമീൻ പ്രശാന്തിനടുത്തേക്ക്‌ ഓടി. ഒരു സെൽഫിയെടുത്തോട്ടെയെന്ന്‌ ചോദ്യം. എടുത്തോളുവെന്ന്‌ മറുപടി.
വട്ടിയൂർക്കാവാകെ പ്രശാന്തിനെ നെഞ്ചിലേറ്റുന്ന കാഴ്‌ചയായിരുന്നു എച്ച്‌എൽഎല്ലിൽ കണ്ടത്‌. നടപ്പാക്കിയ വികസനം മുൻനിർത്തി വോട്ട്‌ ചോദിക്കുന്ന പ്രശാന്തിനല്ലാത്ത ആർക്കാണ്‌ വോട്ട്‌ ചെയ്യാനെന്നാണ്‌ ജീവനക്കാർക്ക്‌ പറയാനുള്ളത്‌. എൽഡിഎഫ്‌ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുമ്പോൾ എച്ച്‌എൽഎൽ പോലുള്ള സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കുന്ന കേന്ദ്ര നടപടിക്കെതിരെ ശക്തമായ വികാരമാണ്‌ ജീവനക്കാർക്കിടയിലാകെ. എച്ച്‌എൽഎല്ലിലെ മുഴുവൻ ജീവനക്കാരോടും വോട്ടഭ്യർഥിച്ച്‌ അവരുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ്‌ പ്രശാന്ത്‌ മടങ്ങിയത്‌. പിന്നീട്‌ നന്തൻകോട്‌ ജങ്‌ഷനിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു.        
 
 
പ്രധാന വാർത്തകൾ
 Top