21 October Monday

ആവേശമേറി ദേശാഭിമാനി പൊന്നോണമേളം

എസ് ശ്രീലക്ഷ്മിUpdated: Sunday Sep 15, 2019

ദേശാഭിമാനി പൊന്നോണമേളം പരിപാടിക്കെത്തിയവർ

തിരുവനന്തപുരം 
ഓണാഘോഷത്തെ ആവേശത്തിമിർപ്പിലാഴ്‌ത്തി ദേശാഭിമാനി പൊന്നോണമേളം. സംഗീതവിസ്‌മയം തീർത്ത്‌ മ്യൂസിക്‌ ബാൻഡ്‌ തൈക്കുടം ബ്രിഡ്‌ജ്‌ ആഘോഷത്തിന്റെ മാറ്റുകൂട്ടി. മലയാളത്തിന്റെ താളത്തുടിപ്പുമായി കാണികളെ ത്രസിപ്പിച്ച തെക്കുടം ബ്രിഡ്‌ജിന്റെ പാട്ടുകൾക്ക്‌ കാണികൾ ആവേശത്തോടെ ചുവടുവച്ചു. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ്‌  സെൻട്രൽ സ്റ്റേഡിയത്തിൽ ദേശാഭിമാനി പൊന്നോണമേളം അരങ്ങേറിയത്‌. അതിജീവനത്തിന്റെ ഓണാഘോഷമാണെന്ന്‌ ഓർമിപ്പിച്ചു ദേശാഭിമാനിയുടെ മുദ്രാഗാനത്തോടെയാണ്‌ ആഘോഷരാവ്‌ ആരംഭിച്ചത്‌. അക്ഷരമനസ്സുകളിലേക്ക്‌ പടർന്നുകയറിയ ദേശാഭിമാനിയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.  
 
മലയാളി മനസ്സുകളിൽ സംഗീതത്തിന്റെ നവതാളം സൃഷ്‌ടിച്ച തൈക്കുടത്തിന്റെ ഗായകർ വേദികീഴടക്കിയതോടെ സെൻട്രൽ സ്റ്റേഡിയത്തിൽ കാണികൾ ഹർഷാരവത്തോടെ ഇരമ്പിയാർത്തു.   ഓണാഘോഷത്തിൽ ഇതുവരെ കാണാത്ത ജനക്കൂട്ടമാണ്‌ സ്റ്റേഡിയത്തിലുണ്ടായത്‌. പീതാംബരൻ മേനോൻ, ഗോവിന്ദ്‌ വസന്ത, മിഥുൻ രാജു, അശോക്‌ നെൽസൺ, വിയാൻ ഫെർണാണ്ടസ്‌,  റുതിൻ തേജ്‌, വിപിൻ ലാൽ, ക്രിസ്റ്റൻ ജോസ്‌, കൃഷ്‌ണ, നിള മാധവ്‌, അനീഷ്‌ കൃഷ്‌ണൻ, ടി എൻ അനീഷ്‌, അമിത്‌ ബാൽ, കെ ഹേമന്ത്‌, കെ എസ്‌ രാജൻ എന്നിവരടങ്ങുന്ന തൈക്കുടം ബ്രിഡ്‌ജ്‌ നവരസത്തോടെയാണ്‌ സംഗീതനിശ തുടങ്ങിയത്‌. തുടർന്ന്‌ വന്ന ഓരോ ഗാനവും കരഘോഷത്തോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌. അമേരിക്കയിലെ സമ്മർ ഫെസ്റ്റിവലിൽ പങ്കെടുത്ത ഏക ഇന്ത്യൻ മ്യൂസിക്‌ ബാൻഡ്‌ ആണ്‌ തൈക്കൂടം ബ്രിഡ്‌ജ്. 
 
ഹിറ്റായ 96 ലെ കാതലേ..എന്ന ഗാനം ഗോവിന്ദ്‌ വസന്ത ആരംഭിച്ചപ്പോഴേ ആവേശം നിറഞ്ഞു. വയലിന്റെ മാസ്‌മരികതയിൽ വേദിയാകെ ഇളക്കിമറിച്ചാണ്‌ ഗോവിന്ദ്‌ അവസാനിപ്പിച്ചത്‌. 
അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ...പാടിയപ്പോഴേക്കും ഏവരും ചുവടുവച്ചു തുടങ്ങി. യുവാക്കൾ തിങ്ങിനിറഞ്ഞ സദസ്സിൽ തൈക്കുടത്തിന്റെ ഓരോ ഗാനവും  അവർ ഏറ്റുപാടി. ബാൻഡിന്റെ ജനമനസ്സുകീഴടക്കിയ ഫിഷ്‌ റോക്കോടെയാണ്‌ സംഗീത നിശ അവസാനിച്ചത്‌. തിളക്കമാർന്ന ആഘോഷരാവ്‌ മലയാളികൾക്കുള്ള ദേശാഭിമാനിയുടെ ഓണസമ്മാനമായി. 
ദേശാഭിമാനിക്കുള്ള വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഉപഹാരം ടൂറിസം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌ ശ്രീകണ്ഠേശനിൽ നിന്നും ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ ഏറ്റുവാങ്ങി. ന്യൂരാജസ്ഥാൻ മാർബിൾസ്‌, നിംസ്‌ മെഡിസിറ്റി, ചുങ്കത്ത്‌ ജൂവലറി, മയൂരി ഫർ ണിച്ചർ, ദി ഡെയിൽ വ്യൂ, കിഫ്‌ബി, പങ്കജകസ്തൂരി, ഹെതർ ഹോംസ്‌, ഇൻകെൽ ലിമിറ്റഡ്‌, കല്യാണി ഫുഡ്‌സ്‌,  ചിയാക്‌, വനിതാകമീഷൻ എന്നിവരാണ് ദേശാഭിമാനി പൊന്നോണമേളം സ്‌പോൺസർ ചെയ്തത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top