18 October Friday

വീട് നൽകുമെന്ന് മന്ത്രി, വിശ്വസം വരാതെ ആര്യശ്രി

ഉപേന്ദ്രൻ മടിക്കൈUpdated: Sunday Sep 15, 2019
നീലേശ്വരം
 ദേശീയ ഫുട്‌ബോൾ താരം ആര്യശ്രീയെ അടുത്ത് വിളിച്ച് മന്ത്രി ഇ പി ജയരാജൻ ഇനി നിങ്ങൾക്ക് പുതിയ വീട്ടിൽ താമസിക്കാം. വീട് കെട്ടാൻ സ്പോട്സ് വകുപ്പ് വേണ്ടത് ചെയ്യും എന്നറിയിച്ചപ്പോൾ ആര്യശ്രീക്ക്‌ വിശ്വസിക്കാനായില്ല. അടുത്തുണ്ടായിരുന്ന അച്ഛൻ ഷാജുവിന്റെയും അമ്മ ശാലിനിയുടെയും  മുഖത്തുണ്ടായ അമ്പരപ്പ്‌ സന്തോഷത്തിന് വഴിമാറി. കിനാനൂർ- –-കരിന്തളം പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രി ആര്യശ്രീക്ക് സ്പോട്സ് വകുപ്പ് വീട് നിർമ്മിച്ച് നൽകുന്ന കാര്യം പ്രഖ്യാപിച്ചത്.
പരിപാടി കഴിഞ്ഞ് വരും വഴി നീലേശ്വരത്ത് വെച്ചാണ് ആര്യശ്രീയെയും കുടുംബത്തെയും ഈ സന്തോഷ വാർത്ത മന്ത്രി നേരിട്ടറിയിച്ചത്.ആര്യശ്രീയുടെ അച്ഛന് ലോട്ടറി വിൽപ്പനയാണ് ജോലി.അമ്മ ശാലിനിക്ക് കൂലിപ്പണിയും. അമ്മയുടെ അച്ഛൻ നൽകിയ പത്ത് സെൻറ് സ്ഥലത്ത് ചെറിയൊരു ഷെഡിലാണ് ഈ കുടുംബം താമസിക്കുന്നത്‌. തെക്കൻ ബങ്കളം രാങ്കണ്ടത്ത് താമസിക്കുന്ന ആര്യശ്രീയുടെ വീട്ടിൽ  ലഭിക്കുന്ന ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാൻ പോലും സ്ഥലമില്ല.ഇവരുടെ കഷ്ടത കണ്ടറിഞ്ഞ് നാട്ടുകാരുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിലുള്ള ജനകീയ കമ്മറ്റി വീട് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനം നടത്തിയിരുന്നു. മുൻ എംപി  പി കരുണാകരൻ, എം രാജഗോപാലൻ എംഎൽഎ, സിപിഐ എം ഏരിയ കമ്മറ്റി എന്നിവർ  വീടിനായി മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.
2018ൽ സബ് ജൂനിയർ വനിതകളുടെ സാഫ് ഗെയിംസിൽ ഇന്ത്യ വിജയിച്ചപ്പോൾ ടീമിലുണ്ടായിരുന്നു. മംഗോളിയയിൽ നടന്ന വനിതകളുടെ ഏഷ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും ജേഴ്സിയണിഞ്ഞു.ഇപ്പോൾ കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്ലസ് വണ്ണിന്‌  പഠിക്കുന്നു. മന്ത്രിയോടൊപ്പം സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ടി കെ രവി, തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top