18 November Monday
കള്ളവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

സുരക്ഷിത ഇടമൊരുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
 
ആലപ്പുഴ
പത്തനംതിട്ടയിൽ കനത്തമഴ പെയ്യുന്ന സാഹചര്യത്തിൽ കിഴക്കൻ വെള്ളത്തിന്റെ സാധ്യത മുന്നിൽക്കണ്ട്‌ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലുള്ളവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി.
 പമ്പാനദിക്ക്‌ പുറമെ അച്ചൻകോവിൽ, മണിമല ആറുകളും കവിഞ്ഞൊഴുകുന്നത്‌ കിഴക്കൻവെള്ളത്തിന്റെ വരവോടെയാണ്‌. ഇത്‌ ഏറ്റവുമധികം ദുരിതം വിതയ്‌ക്കുന്നത്‌ കുട്ടനാട്‌, ചെങ്ങന്നൂർ താലൂക്കുകളിലും. അതിനാലാണ്‌ അടിയന്തര സാഹചര്യം ഉണ്ടായാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റാനുള്ള ഒരുക്കങ്ങൾ നടത്താൻ സബ്കലക്‌ടർ വി ആർ ക‌ൃഷ്‌ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചത്‌. 
പൊലീസ്‌, അഗ്‌നിരക്ഷാസേന, മത്സ്യത്തൊഴിലാളികൾ എന്നിവയ്‌ക്ക്‌ പുറമെ സൈന്യം, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്‌, ദേശീയ ദുരന്ത പ്രതികരണസേന എന്നിവയെ നേരത്തെതന്നെ പ്രളയ സാധ്യതാ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്‌. ചെങ്ങന്നൂരിൽ ജാഗ്രത പാലിക്കാൻ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏത് സാഹചര്യത്തെയും നേരിടുന്നതിന് സജ്ജമായിരിക്കാൻ അഗ്‌നിരക്ഷാസേന, എൻഡിആർഎഫ്, ജലഗതാഗതം, റവന്യൂ, ഫിഷറീസ് എന്നീ വകുപ്പുകൾക്ക്‌ നിർദേശം നൽകി. വെള്ളം ഉയർന്നാൽ ചെങ്ങന്നൂരിലെ മൂന്ന്‌ സ്ഥലങ്ങളിൽ ദ്രുതപ്രതികരണ കേന്ദ്രങ്ങൾ ഒരുക്കും. 
ചെങ്ങന്നൂർ, മാന്നാർ, കല്ലിശേരി എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ, അഗ്‌നിരക്ഷാസേന എന്നിവയെ നിയോഗിച്ചു. ചെങ്ങന്നൂരിൽ ടോറസ് വാഹനവും അഞ്ച് ഫിഷിങ് ബോട്ടുകളും ഫയർ ജീവനക്കാരെയും ഡിങ്കിയും സജ്ജമാക്കിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാന്നാറിൽ മുനിസിപ്പൽ സ്‌റ്റാൻഡിൽ രണ്ട് മത്സ്യത്തൊഴിലാളി വള്ളങ്ങളും ഫയർ ജീവനക്കാരെയും സജ്ജമാക്കും. കല്ലിശേരിയിൽ രണ്ട് ഫിഷിങ്‌ ബോട്ടുകൾ തയ്യാറാക്കി നിർത്തും. 
കുട്ടനാട്ടിലെ പുളിങ്കുന്ന്, കിടങ്ങറ കെസി, നീരേറ്റുപുറം, നെടുമുടി-കൊട്ടാരം എന്നീ  ജെട്ടികളിലും ക‌ൃഷ്‌ണൻകുട്ടി മൂല, നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റ്‌, കാവാലം സ്‌റ്റേഷൻ ഓഫീസ് എന്നിവിടങ്ങളിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ രാത്രിയിലുൾപ്പെടെ സജ്ജമാക്കി നിർത്തും. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെയും ഇവിടേക്ക് നിയോഗിക്കും
 

പരിഭ്രാന്തി വേണ്ട; ജാഗ്രത മതി

നിലവിൽ ഒരിടത്തും പ്രളയസമാന സാഹചര്യമില്ല. ഒഴിപ്പിക്കൽ നടപടികളും നിലവിലില്ല. അതേസമയം ചില ഭാഗങ്ങളിൽ ജനങ്ങളെ ഉടൻ ഒഴിപ്പിക്കാൻ പോകുന്നെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നുണ്ട്‌.
 അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്‌ടർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരുസാഹചര്യവുമില്ലെന്ന്‌ കലക്‌ടർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top