22 October Tuesday

മൃഗങ്ങളെത്തേടി ‘ഹാന്‍ഡ്സ് ഫോര്‍ പോസ്’

നന്ദു വിശ്വംഭരൻUpdated: Thursday Aug 15, 2019

 

ആലപ്പുഴ
നാടുംവീടും വെള്ളത്തിൽമുങ്ങുമ്പോൾ കൈയിൽ കിട്ടുന്നതെടുത്ത്‌  ഓടുന്നതിനിടെ വളർത്തുമൃഗങ്ങളെക്കുറിച്ച്‌ ആരും ഓർക്കാറില്ല. ഇത്തരത്തിൽ ഒറ്റപ്പെടുന്ന മൃ​ഗങ്ങളെതേടിയെത്തുകയാണ്‌ ‘ഹാൻഡ്സ് ഫോർ പോസ്’. മൂന്നു വർഷം മുമ്പാണ് ഹാൻഡ്സ് ഫോർ പോസ് ആരംഭിക്കുന്നത്. 
കഴിഞ്ഞവർഷം ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് തുടങ്ങി പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇവരെത്തി. ആലപ്പുഴയിൽ മാത്രം 60 നായ്‌ക്കളെ രക്ഷിച്ചു. ഈ വർഷം കോഴിക്കോടും ആലപ്പുഴയിലുമാണ്‌ പ്രവർത്തനം. ആറ്‌ പേരാണ്‌ ജില്ലയിലുള്ളത്‌. 
നായ്‌ക്കളാണ് വീടുകളിലും മറ്റും അകപ്പെടുന്നതിലേറെയും. അവയെ കണ്ടെത്തി രക്ഷിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിക്കും. മുറിവുകളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ ചികിത്സ നൽകും. ഒറ്റപ്പെട്ട മൃ​ഗങ്ങൾക്ക്‌  ഭക്ഷണമെത്തിക്കും. വെള്ളമിറങ്ങിയശേഷം ഉടമസ്ഥർക്ക് കൈമാറും. അതത് ജില്ലകളിലെ വെറ്ററിനറി ഡോക്ടർമാരാണ് ചികിത്സിക്കുക. തെരുവുനായ്‌ക്കളെ രക്ഷിച്ചിടത്തുതന്നെ കൊണ്ടുപോയി വിടും. ഉടമസ്ഥരെത്തിയില്ലെങ്കിൽ താൽപ്പര്യമുള്ളവർക്ക് ഏറ്റെടുക്കാൻ സൗകര്യമൊരുക്കും. പൂച്ച, കോഴി, ആട്, കന്നുകാലികൾ തുടങ്ങി എല്ലാത്തിനെയും രക്ഷിക്കുന്നുണ്ട്. 
സംഘടനയെക്കുറിച്ച് അറിഞ്ഞ്‌ നേരിട്ടുവിളിച്ച് സഹായമഭ്യർഥിക്കുന്നവരും ഏറെ. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുമുണ്ട്‌. ജലഗതാഗതവകുപ്പ്‌ മൃഗസംരക്ഷണവകുപ്പ്‌ എന്നിവയുടെ പിന്തുണയോടെയാണ്‌ പ്രവർത്തനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top