31 July Saturday

അട്ടക്കുളങ്ങര ജയിൽ പമ്പ്‌ ഉടൻ

റഷീദ്‌ ആനപ്പുറംUpdated: Tuesday Jun 15, 2021
തിരുവനന്തപുരം 
അട്ടക്കുളങ്ങര വനിതാജയിലിലും കാക്കനാട്‌ ജില്ലാ ജയിലിലും പെട്രോൾ പമ്പ്‌ ഉടൻ. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി പമ്പുകൾ ഉടൻ തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ വകുപ്പിന്‌ നിർദേശം നൽകി. പൂർണമായും സ്‌ത്രീകൾ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ പെട്രോൾ പമ്പാകും അട്ടക്കുളങ്ങരയിലേത്‌. പമ്പ്‌ സ്ഥാപിക്കാൻ ഐഒസിക്ക്‌  ജയിൽഭൂമി പാട്ടത്തിന്‌ നൽകാൻ റവന്യൂ വകുപ്പ്‌ നടപടി വേഗതയിലാക്കി. ജയിൽമതിൽ പൊളിച്ചാകും അട്ടക്കുളങ്ങരയിൽ പമ്പ്‌ സ്ഥാപിക്കുക. ജയിൽ വകുപ്പിന്‌ കീഴിലുള്ള പെട്രോൾ പമ്പുകൾ ഇതോടെ ആറാകും. 
പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ്‌ നിലവിൽ പെട്രോൾ പമ്പുള്ളത്‌. ഒരു പമ്പിൽനിന്ന്‌ ദിവസം ശരാശരി 50,000 രൂപവരെ ലാഭമുണ്ട്‌. 64.76 കോടിയുടെ വിറ്റുവരവാണ്‌ നാല്‌ പമ്പിലും ഇതുവരെയുണ്ടായത്‌. ഇതിൽ 1.36 കോടി ലാഭമാണ്‌. തുടർന്നാണ്‌ കൂടുതൽ പെട്രോൾ പമ്പ്‌ ആരംഭിക്കാൻ തീരുമാനിച്ചത്‌. ഇതിനായി ജയിൽ മേധാവി ഋഷിരാജ്‌ സിങ്‌ നൽകിയ റിപ്പോർട്ട്‌ സർക്കാർ അംഗീകരിക്കുകയായിരുന്നു. തടവുകാരാണ്‌ പമ്പുകളിൽ ജോലിചെയ്യുന്നത്‌. അവർക്ക്‌ കൂലിയുമുണ്ട്‌.
 
കെഎസ്‌ആർടിസി 
പെട്രോള്‍–--ഡീസല്‍ പമ്പുകള്‍ 
ആറ്റിങ്ങലും നെടുമങ്ങാട്ടും
തിരുവനന്തപുരം
‌ഡിപ്പോകളോട് ചേ‌ർന്ന് കെഎസ്‌ആർടിസി നൂറ്‌ ദിവസത്തിനുള്ളിൽ ആരംഭിക്കുന്ന എട്ട്‌ പെട്രോൾ, ഡീസൽ പമ്പിൽ രണ്ടെണ്ണം ജില്ലയിൽ. ആറ്റിങ്ങൽ, നെടുമങ്ങാട്‌ ഡിപ്പോകളിലാണ്‌ പമ്പുകൾ തുറക്കുന്നത്. ഇതിന്റെ  പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.  രണ്ട്‌ ഡിപ്പോയിലും നിലവിൽ കെഎസ്‌ആർടിസിക്കുവേണ്ടി പ്രവർത്തിക്കുന്ന ഡീസൽ പമ്പുകൾ പൊതുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുംവിധം പെട്രോൾ–-ഡീസൽ പമ്പായി മാറ്റും. ഇന്ത്യൻ ഓയിൽ കോർപറേഷനാണ്‌  മുഴുവൻ ചെലവും വഹിക്കുന്നത്. പദ്ധതി വഴി സ്ഥലവാടകയും ഡീലർ കമീഷനും കെഎസ്‌ആർടിസിക്ക്‌ ലഭിക്കും. രണ്ട്‌ ഡിപ്പോയിലും പ്രാഥമിക പരിശോധനകൾ പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top