22 June Tuesday
- മഴ കനത്തു

കലിതുള്ളി കടൽ

സ്വന്തം ലേഖകർUpdated: Saturday May 15, 2021

പൊന്നാനി മരക്കടവിൽ കടൽ കരയിലേക്ക്‌ കയറിയ നിലയിൽ

 
പൊന്നാനി/ തിരൂർ/താനൂർ
/പരപ്പനങ്ങാടി
മഴ കനത്തതോടെ ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി. പൊന്നാനി, തിരൂർ, താനൂർ, വള്ളിക്കുന്ന്‌, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ്‌ കടൽക്ഷോഭം രൂക്ഷമായത്‌. 
പൊന്നാനി താലൂക്കിലെ പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാർ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ നഗർ, കാപ്പിരിക്കാട് പ്രദേശങ്ങളിലെ നൂറ്‌കണക്കിന്‌ വീടുകളിൽ വെള്ളം കയറി. മൂന്ന്‌ വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. മരക്കടവിൽ മാത്രം 150ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ, പാലപ്പെട്ടി ഫിഷറീസ് സ്കൂൾ, വെളിയങ്കോട് ഫിഷറീസ് സ്കൂൾ  എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്ന്‌ 14 കുടുംബങ്ങളെ മാറ്റി. പൊന്നാനി നഗരം വില്ലേജ്‌–- 68, വെളിയങ്കോട്‌ വില്ലേജ്‌–- 60, പെരുമ്പടപ്പ്‌ വില്ലേജ്‌– 68 കുടുംബങ്ങളെ വീതം ബന്ധുവീടുകളിലേക്ക്‌ മാറ്റി. 
നിയുക്ത എംഎൽഎ പി നന്ദകുമാർ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. 
      താനൂരിൽ എടക്കടപ്പുറം, ചീരാൻ കടപ്പുറം, അഞ്ചുടി, പുതിയ കടപ്പുറം ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. എടക്കടപ്പുറം ഭാഗത്ത് മുപ്പതിലധികം വീടുകളിലേക്ക് വെള്ളം കയറി. രണ്ട് വീടുകൾ തകർന്നു. അഞ്ചോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾ വി അബ്ദുറഹ്മാൻ എംഎൽഎ സന്ദർശിച്ചു. 
വള്ളിക്കുന്ന് പരപ്പാൽ ബീച്ചിലെ കടലാക്രമണത്തിൽ ടിപ്പു സുൽത്താൻ റോഡ് പൂർണമായും തകർന്നു. നാൽപതോളം വീടുകൾ ഭീഷണിയിലാണ്‌. 
തിരൂരിൽ പുറത്തൂർ, മംഗലം, വെട്ടം പഞ്ചായത്തുകളിലെ തീരദേശങ്ങളിലാണ്‌ കടലാക്രമണം ശക്തമായത്. 
പടിഞ്ഞാറെക്കര ബീച്ചിൽ കടൽ 50 മീറ്ററിലേറെ കരയിലേക്ക് കയറി. 
പരപ്പനങ്ങാടി നെടുവയിൽ 25 ഏക്കർ പ്രദേശത്തെ കൃഷി വെള്ളം കയറി നശിച്ചു. 
മഴ കനക്കാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജൻ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top