18 June Friday
കടുംപിടിത്തം അയഞ്ഞു

സ്വകാര്യ ആശുപത്രികളിൽ കോവിഡ്‌ ചികിത്സ

സ്വന്തം ലേഖികUpdated: Saturday May 15, 2021
കൊല്ലം
കടുത്ത നടപടിയുണ്ടാകുമെന്ന്‌ ഉറപ്പായതോടെ സ്വകാര്യ ആശുപത്രികളിൽ കോവിഡ്‌ ചികിത്സ തുടങ്ങി. രോഗവ്യാപനം തീവ്രമായിട്ടും ചില സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കപോലും കോവിഡ്‌ രോഗികൾക്കായി മാറ്റിവയ്‌ക്കാൻ തയ്യാറായിരുന്നില്ല. ചികിത്സ തേടിയെത്തുന്ന ഗുരുതരാവസ്ഥയിലുള്ളവർ ഉൾപ്പെടെയുള്ളവരെ കിടക്ക ഒഴിവില്ലെന്നുപറഞ്ഞ് മടക്കി അയക്കുന്നതും വ്യാപകമായി. തുടർന്ന്, താലൂക്കുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച സ്ക്വാഡ് പരിശോധന തുടങ്ങിയതോടെയാണ് ഇതിനു മാറ്റംവന്നത്. ആശുപത്രികൾ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകി. ഒപ്പം ദുരന്തനിവാരണ നിയമനടപടിയും. കോവിഡ്‌ ഒന്നാംഘട്ടത്തിൽതന്നെ രോഗികളെ ചികിത്സിക്കാൻ തയ്യാറായ എൻ എസ് സഹകരണ ആശുപത്രി ഉൾപ്പെടെയുള്ളവ മാതൃകയായപ്പോഴാണ് ചില മാനേജ്മെന്റുകൾ നിഷേധ നിലപാട് സ്വീകരിച്ചത്‌.
നിലവിൽ എല്ലാ ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. പിടിച്ചെടുക്കുമെന്ന്‌ ഉറപ്പായതോടെ അതുവരെ നിഷേധ നിലപാട് സ്വീകരിച്ച കൊട്ടാരക്കര വിജയാസ് ഒടുവിൽ ചികിത്സയ്‌ക്ക് സമ്മതിച്ചു. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി, കൊല്ലം മെഡിട്രീന എന്നിവയ്‌ക്ക്‌ കാരണം കാണിക്കൽ നോട്ടീസ് നൽകി.
പുനലൂർ താലൂക്കിലെ എല്ലാ സ്വകാര്യ ആശുപത്രികളും 50 ശതമാനം കിടക്കകളിൽ കോവിഡ്‌ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. പൊയ്യാനിൽ, പ്രണവം എന്നീ ആശുപത്രികളിലെ ഐസിയു കിടക്കകൾ പൂർണമായും കോവിഡ് ചികിത്സയ്ക്കു വിട്ടുനൽകി. കരുനാഗപ്പള്ളിയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും തഹസിൽദാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എല്ലാ ആശുപത്രിയിലും 25 ശതമാനം കിടക്ക കോവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ രണ്ട് ആശുപത്രികളിൽ മാത്രമാണ് നിലവിൽ രോഗികളെ പ്രവേശിപ്പിക്കുന്നതെന്ന്‌ അധികൃതർ പറഞ്ഞു. താലൂക്കിലെ ഒമ്പതു‌ സ്വകാര്യ ആശുപത്രികളിലായിരുന്നു പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top