21 September Saturday
റേഞ്ച‌് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം

മൂന്നാംമുറ: പ്രതിഷേധം കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

അഴുത റേഞ്ച്‌ ഓഫീസിന്‌ മുമ്പിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ‌്ഘാടനം ചെയ്യുന്നു

 

 
ഏലപ്പാറ
മൃഗവേട്ടയുമായി ബന്ധപ്പെട്ട‌് പ്രതികളാക്കിയവരെ വനിതാ റേഞ്ച‌് ഓഫീസറുടെ നേതൃത്വത്തിൽ മൂന്നാംമുറ ഉൾപ്പെടെ ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം കനക്കുന്നു. നിയമ നടപടി ആവശ്യപ്പെട്ട‌് ജനകീയ സമരസമിതി നേതൃത്വത്തിൽ അഴുത റേഞ്ച‌് ഓഫീസിലേക്ക‌് മാർച്ചും ധർണയും നടത്തി.
നായാട്ട‌് നടത്തിയ കുറ്റം ചുമത്തി ആദിവാസികൾ ഉൾപ്പെടെ പത്തുപേരെയാണ‌് പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയൽ, കൊയ്നാട്, കൊമ്പുകുത്തി  പ്രദേശങ്ങളിൽനിന്നും വനപാലകർ അറസ്റ്റ് ചെയ‌്ത‌് മൂന്നാംമുറ പ്രയോഗം നടത്തിയതായി പരാതി ഉണ്ടായത‌്. പ്രതികളിൽ പലർക്കും ഭീകരമായ മർദനം ഏൽക്കേണ്ടി വന്നു. ഇവരിൽ കണയങ്കവയൽ സ്വദേശികളായ ചാണകപറമ്പിൽ ജോസ് കുഞ്ഞ്, ഭാര്യ മറിയാമ്മ, കൊമ്പുകുത്തി സജി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മജിസ‌്ട്രേറ്റ‌് മൊഴി രേഖപ്പെടുത്തുകയും ചെയ‌്തു. ഫോറസ്റ്റ് റേഞ്ച‌് ഓഫീസർക്കെതിരെ പെരുവന്താനത്തും പീരുമേട്ടിലെ പൊലീസ് സ്റ്റേഷനിലും പരാതിയും നൽകിയിട്ടുണ്ട‌്.
 പ്രാകൃതമായ മർദനമുറകളും അസഭ്യ വർഷവും നടത്തിയ റേഞ്ച‌് ഓഫീസറെയും മറ്റ‌് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും സർവീസിൽനിന്നും നീക്കിനിർത്തി സമഗ്ര അന്വേഷണം വേണമെന്നും ജനകീയ സമരക്കാർ അവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിക്കുംവരെ തുടർസമരം നടത്താനും തീരുമാനിച്ചു. പീരുമേട‌് ടൗണിൽനിന്നും ആരംഭിച്ച പ്രധിഷേധ മാർച്ചിൽ സ‌്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ‌്ഘാടനം ചെയ‌്തു. പഞ്ചായത്തംഗം സജി അധ്യഷനായി. സർവകക്ഷി നേതാക്കളായ കെ ടി ബിനു, വി സി ജോസഫ് വെട്ടിക്കാട്ട്, ജയിംസ് അമ്പാട്ട്, എം വർഗീസ് എന്നിവർ സംസാരിച്ചു. ബേബി മാത്യു സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും വിവിധ സംഘടനകളുടെ പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
 Top