21 July Sunday

ചിഹ്നം പതിച്ച ചായപ്പെട്ടി; ടിന്ന് കൊണ്ടൊരു മെഗാഫോൺ

പി മഷൂദ‌്Updated: Monday Apr 15, 2019
പിലിക്കോട് 
ചായപ്പെട്ടിയും പനയോലയും ടിന്ന് കൊണ്ടുള്ള മെഗാഫോണും. ഇ എം എസ് മത്സരിച്ച 1957 ലെ ആദ്യ  തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ഓർമകളിലാണ‌് അന്നത്തെ ബാലസംഘം പ്രവർത്തകനായ ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ കെ നായർ. ചെറുവത്തൂർ കൊവ്വലിലെ പഴയ പൊലീസ് സ്റ്റേഷന് എതിർവശത്തെ മൊടോൻ ആലിന് സമീപം എ കെ ജി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗം. അവിടുത്തെ പ്രസംഗ ശേഷം ബാലസംഘം കുട്ടികളെ വിളിച്ചിരുത്തി പറഞ്ഞു നിങ്ങളും സജീവമാകണം ഇ എം എസിനെ വിജയിപ്പിക്കാൻ. അന്ന് തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനത്തിന് ചായപ്പെട്ടിക്കും വെല്ലം പൊതിഞ്ഞ്  വരുന്ന പനയോല പായക്കും എണ്ണ കൊണ്ടുവരുന്ന ടിന്നിനും വൻ ഡിമാന്റായിരുന്നു. വെള്ളിയോടൻ കണ്ണൻ നായരുടെ ചായക്കടയിൽ നിന്നാണ് ചായപ്പെട്ടി കിട്ടിയിരുന്നത്. ഒഴിഞ്ഞ പെട്ടിയുടെ നാല് ഭാഗവും അരിവാളും നെൽ കതിരും ചിഹ്നം വരച്ച് വീടുകൾ തോറും കയറിയിറങ്ങി പ്രചരണം നടത്തും. വെല്ലം കൊണ്ടുവരുന്ന പനയോലയിൽ ഉള്ളി ചാക്ക് തുന്നിചേർത്ത് കുമ്മായവും കരിയും കൊണ്ട് സ്ഥാനാർഥിയുടെ മുഖചിത്രവും ചിഹ്നവും വരച്ച് പ്രധാന കവലയിൽ തൂക്കിയിടും. ടിന്ന്  മെഗാ ഫോണാക്കി കൊവ്വലിലെ ഇഡൂന്റെയും വീരമല കുന്ന്, മൈലാട്ടി കുന്നിന്റെയും മുകളിൽ കയറി വിളിച്ച് പറയും. കയ്യൂർ സമര സേനാനി പയ്യൻ കേളുനായരുടെ വീട്ടിലായിരുന്നു അക്കാലത്ത്  പ്രവർത്തകർ കേന്ദ്രീകരിക്കുന്നത്. കയ്യന്റിൽ നാരായണൻ നായരാണ് താലൂക്കാഫീസിൽ നിന്നും വോട്ടർ ലിസ്റ്റ് കൊണ്ടുവരുന്നത്. ബാലസംഘം പ്രവർത്തകരെ വിളിച്ച് വരുത്തി ഒരോ ബൂത്തിലേക്കുള്ള സ്ലിപ്പുകളും കാർബൺ വച്ച് എഴുതി തയ്യാറാക്കും. രാത്രിയിൽ ഇടവഴികളിലൂടെ കെപിഎസിയുടെ പൊന്നരിവാൾ എന്ന് തുടങ്ങുന്ന നാടക ഗാനം മെഗാ ഫോണിൽ പാടിയാണ് വീടുകളിലെത്തി സ്ലിപ്പ് വിതരണം. ചായപ്പെട്ടിയിൽ ചിഹ്നം പതിച്ച് വോട്ടർമാർക്ക് പരിചയപ്പെടുത്തും. വിമോചന സമരം മുതൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെയും പിന്നീട് കെഎസ്‌വൈഎഫിന്റെയും ജില്ലാ കമ്മിറ്റിയംഗമായി.  എക്സൈസിൽ ഇൻസ്പെപെക്ടറായി വിരമിച്ചു. അരയാക്കടവ്, ഓള്, പ്രിയമുള്ള നാട്ടുകാരെ തുടങ്ങി എട്ടോളം സിനിമകളിലും കെ കെ നായർ വേഷമിട്ടു.

 

പ്രധാന വാർത്തകൾ
 Top