24 February Monday

മലപ്പുറവും മഞ്ചേരിയും ഹൈ വോള്‍ട്ടേജിലേക്ക്

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020

എളങ്കൂർ 220 കെവി സബ് സ്റ്റേഷന്റെ നിർമാണ പുരോഗതി വിലയിരുത്തുന്ന കെഎസ്ഇബി ഡയറക്ടർ എൻ വേണുഗോപാലും ചീഫ് എൻജിനിയർ ഡോ. പി രാജനും

മഞ്ചേരി
എളങ്കൂർ 220 കെവി സബ് സ്റ്റേഷനിൽനിന്ന് മലപ്പുറം–-മഞ്ചേരി 110 കെവി സബ് സ്റ്റേഷനുകളിലേക്ക് മാർച്ച് അഞ്ചുമുതൽ വൈദ്യുതി പ്രവഹിക്കും. ഇതോടെ മലപ്പുറം, മഞ്ചേരി നഗരങ്ങളിലെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരമാകും. രണ്ടാംഘട്ടത്തിൽ നിലമ്പൂർ, എടക്കര സബ് സ്റ്റേഷനുകളിലേക്കും വൈദ്യുതി കടത്തിവിടും. നിർമാണ പുരോഗതി വിലയിരുത്താൻ കെഎസ്ഇബി ഡയറക്ടർ എൻ വേണുഗോപാലും ചീഫ് എൻജിനിയർ ഡോ. പി രാജനും എളങ്കൂർ സ്‌റ്റേഷനിൽ പരിശോധന നടത്തി. 
220 കെവി സബ് സ്റ്റേഷനിലെ 100 എംവിഎ ട്രാൻസ്‌ഫോമറും 12.5 എംവിഎ ശേഷിയുള്ള രണ്ട്‌ ട്രാൻസ്‌ഫോമറുകളും മാർച്ച് അഞ്ചുമുതൽ ചാർജ്‌ ചെയ്യാനും അനുമതി നൽകി. സബ് സ്റ്റേഷൻ ചാർജ്‌ ചെയ്യുന്നതോടെ കിഴക്കൻ മേഖലയിലെ വോൾട്ടേജ് പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടും. 43 കോടി രൂപ ചെലവിട്ടാണ് എളങ്കൂർ 220 കെവി സബ് സ്റ്റേഷൻ നിർമാണം. സീമെൻസ് കമ്പനിക്കാണ് സ്റ്റേഷന്റെ നിർമാണ ചുമതല. 
ജില്ലയിലെ വൈദ്യുതി പ്രസരണം, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കാനാണ് സബ് സ്റ്റേഷൻ സ്ഥാപിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ സബ് സ്റ്റേഷനാണിത്. നിലമ്പൂർ, എടക്കര സ്റ്റേഷനിലേക്ക് ലൈനുകൾ വലിക്കുന്ന ജോലിയും തകൃതിയാണ്. 
മലപ്പുറംമുതൽ മഞ്ചേരിവരെയുള്ള 66 കെവി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവിയാക്കി (ഡബിൾ സർക്യൂട്ട്) ഉയർത്തുന്ന ജോലികളും പൂർത്തീകരിച്ചു. മാടക്കത്തറ, അരീക്കോട് 400 കെവി വൈദ്യുതി ഇടനാഴിയിലൂടെ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാനും നടപടിയായി.

 

പ്രധാന വാർത്തകൾ
 Top