29 February Saturday

ജന്മനാട്ടിൽ സ്‌മാരകം ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
കൽപ്പറ്റ
പുൽവാമ ഭീകാരക്രമണത്തിൽ വീരമൃത്യുവരിച്ച വസന്തകുമാറിന്‌ ജന്മനാട്ടിൽ സ്‌മാരകം ഉയരുന്നു. ധീരജവാൻ ആദ്യാക്ഷരം കുറിച്ച ലക്കിടി ഗവ.എൽപി സ്‌കൂൾ  വളപ്പിൽ സ്‌മൃതി മണ്ഡപത്തിന്റെ നിർമാണം തുടങ്ങി. വസന്തകുമാർ സ്‌മാരക ലൈബ്രറിയും പാർക്കും ഇതോടൊപ്പമുയരും. 
വൈത്തിരി പഞ്ചായത്താണ്‌ ജവാന്‌ അർഹമായ ആദരവ്‌ ഒരുക്കുന്നത്‌. 10 ലക്ഷം ചിലവിലാണ്‌ സ്‌മൃതി മണ്ഡപത്തിന്റേയും പാർക്കിന്റെയും നിർമാണം. ലൈബ്രറിക്കും ഫണ്ട്‌ അനുവദിക്കും. സി കെ ശശീന്ദ്രൻ എംഎൽഎയും  ഫണ്ട്‌ വാഗ്‌ദാനംചെയ്‌തിട്ടുണ്ട്‌. വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഉഷാകുമാരി ചെയർപേഴ്‌സനും  നിസാർ ദിൽവേ കൺവീനറുമായി സ്‌മൃതി മണ്ഡപ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്‌. 
വസന്തകുമാറിന്റെ സുഹൃത്തുക്കളും സഹപാഠികളും ഉൾപ്പെടുന്നതാണ്‌ കമ്മിറ്റി. ദേശീയ പാതക്കരികിൽ ഉയരുന്ന സ്‌മാരകം എളുപ്പത്തിൽ സന്ദർശിക്കാനാകും.   പ്രത്യേക കവാടവും വഴിയും  മണ്ഡപത്തിലേക്ക്‌ ഒരുക്കും.   ഇവിടെയുള്ള കിണറും സമീപത്തെ കുളവും നവീകരിച്ച്‌ മണ്ഡപത്തിന്റെ ഭാഗമാക്കും.  
പഠനകാലത്തും അവധിക്ക്‌ നാട്ടിൽ വരുമ്പോഴുമെല്ലാം വസന്തകുമാറും സുഹൃത്തുക്കളും  കളിച്ചിരുന്ന സ്‌കൂൾ മൈതാനത്തിന്റെ ഒരുഭാഗമാണ്‌ സ്‌മാരകത്തിന്റെ മണ്ണാകുന്നത്‌.  വസന്തകുമാർ ഏറെ ഇഷ്ടപ്പെട്ട ഇടമായിരുന്നു ഇത്‌.  എത്രയും വേഗം സ്‌മാരകത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഉഷാകുമാരി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top