26 January Wednesday
ഒമിക്രോണ്‍

പ്രാധാന്യം ഗൃഹപരിചരണത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
തിരുവനന്തപുരം 
സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഗൃഹപരിചരണത്തിന്‌ പ്രാധാന്യം നൽകണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്. സമ്പർക്കവിലക്കിൽ ഉള്ളവർക്കും കോവിഡ് ബാധിതർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിൽ ഗൃഹപരിചരണമാണ് നല്ലത്.  
  മുൻകരുതൽ സ്വീകരിക്കുകയും തക്കസമയത്ത് ആശുപത്രി  ചികിത്സ തേടുകയും ചെയ്താൽ രോഗം  സങ്കീർണമാകില്ല. ചികിത്സ ആവശ്യമെങ്കിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ ഡോക്ടറുടെ സേവനം ലഭ്യമാക്കാം. 
സ്വയംനിരീക്ഷണം  മറക്കരുത്
വീട്ടിൽ ഏകാന്ത പരിചരണത്തിൽ കഴിയുന്നവർ പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ദിവസേന ഓക്‌സിജന്റെ അളവും പൾസ് നിരക്കും സ്വയം പരിശോധിക്കണം. 
വെള്ളവും 
ആഹാരവും പ്രധാനം
പ്രാഥമിക പ്രതിരോധ നടപടികൾക്കൊപ്പം വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കണം. എട്ട്‌ മണിക്കൂർ ഉറക്കം നിർബന്ധം.
പൾസ് ഓക്‌സിമീറ്റർ 
ഇല്ലെങ്കിൽ
പൾസ് ഓക്‌സിമീറ്റർ ലഭ്യമല്ലെങ്കിൽ ഒരു മിനിറ്റ് ശ്വാസം പിടിച്ചുവച്ച്‌ ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തണം. ശ്വാസം ഉള്ളിലേക്ക് വലിച്ച് 25 സെക്കൻഡ്‌ പിടിച്ചുവയ്ക്കുമ്പോൾ ബുദ്ധിമുട്ട്‌ ഒന്നുമില്ലെങ്കിൽ ശ്വാസകോശം ശരിയായരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.
  15 മുതൽ 25 സെക്കൻഡ്‌ വരെയേ പിടിച്ചുനിർത്താൻ പറ്റുന്നുള്ളൂവെങ്കിൽ അത്തരം ആളുകൾ മഞ്ഞ കാറ്റഗറിയിൽ ഉൾപ്പെടും. അടിയന്തരചികിത്സ ആവശ്യമില്ലെങ്കിലും ആശുപത്രി  ചികിത്സ ആവശ്യമുള്ള വിഭാഗമാണിത്‌.
  15 സെക്കൻഡ്‌ പോലും ശ്വാസം പിടിച്ചുവയ്ക്കാൻ സാധിക്കാത്തവർ ചുവപ്പ് കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ്. ഇവർക്ക് അടിയന്തരചികിത്സ ആവശ്യമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top