04 July Saturday

കപ്പൽ പൊളിക്കാൻ കടമ്പകളേറെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

അഴീക്കലിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പൽ.

 കണ്ണൂർ

പരിസ്ഥിതി ആഘാത പഠനം, വിശദ സർവേ എന്നിവയ്ക്ക്‌ ശേഷമാണ്‌ കപ്പൽ പൊളിശാലയ്‌ക്ക്‌ അനുമതി നൽകുന്നത്‌. കപ്പലിലെ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം, പുനരുപയോഗത്തിന്‌ എടുക്കുന്ന സാധനങ്ങൾ എന്നിവയെല്ലാം വിദഗ്‌ധ സമിതി പരിശോധിക്കും. പൊളിക്കുന്ന കപ്പലിന്റെ  ഉടമ വിശദമായ അപേക്ഷ നൽകണം. വിദഗ്‌ധ സമിതി പരിശോധിച്ച്‌ കപ്പൽ പൊളിക്കാൻ പറ്റുന്നതാണെന്ന്‌ സർട്ടിഫൈ ചെയ്യണം. കാലാവധി കഴിഞ്ഞ കപ്പൽ  നേരത്തെ കടലിൽ മുക്കുകയായിരുന്നു. ഇത്‌ വൻ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതിന്‌ പരിഹാരമായാണ്‌ കപ്പൽ പൊളിക്കാൻ തുടങ്ങിയത്‌. എന്നാൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമേ  പൊളിക്കാൻ പാടുള്ളൂവെന്ന്‌ വ്യവസ്ഥയുണ്ട്‌.  കാലഹരണപ്പെട്ട കപ്പലുകൾ പൊളിക്കുന്നതിന്‌ കർശന നിബന്ധനകളാണ്‌  ‘റീസൈക്ലിങ്‌  ഓഫ്‌ ഷിപ്‌സ്‌ ആക്ട്‌ 2019’ മുന്നോട്ടുവയ്‌ക്കുന്നത്‌.  ഹോങ്കോങ്ങിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലെ ശുപാർശകളും അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും പരിഗണിച്ചാണ്‌ കേന്ദ്ര സർക്കാർ കപ്പൽപൊളി നിയമം പുതുക്കിയത്‌.  കപ്പൽപൊളി നിയന്ത്രണത്തിനായി ദേശീയ അതോറിറ്റിയും രൂപീകരിക്കും. 
അഴീക്കലിൽ കപ്പൽ പൊളിക്കുന്നതിന്‌ മുമ്പ്‌ കലക്ടർ, ബേപ്പൂർ ഐസിജിഎസ്‌ കമാൻഡിങ്‌ ഓഫീസർ, ജില്ലാ പൊലീസ്‌ മേധാവി,അസിസ്‌റ്റന്റ്‌ ഫോറിനേഴസ്‌ ആൻഡ്‌ റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്‌ആർആർഒ), കോഴിക്കോട്‌ പോർട്ട്‌ ഓഫീസർ, അഴീക്കൽ സീനിയർ പോർട്ട്‌ കൺസർവേറ്റർ, തീരദേശ  പൊലീസ്‌, കോസ്‌റ്റ്‌ ഗാർഡ്‌, ബന്ധപ്പെട്ട  പൊലീസ്‌ സ്‌റ്റേഷനിലെ എസ്‌ഐ എന്നിവർക്ക്‌ വിവരം നൽകണം. തീരദേശ പൊലീസ്‌, പോർട്ട്‌ അതോറിറ്റി,  കസ്‌റ്റംസ്‌  വിഭാഗങ്ങൾ കപ്പൽ പരിശോധിക്കും. 
വിദേശ കപ്പലാണെങ്കിൽ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ യൂണിറ്റിന്റെ  ക്ലിയറൻസ്‌ സർടിഫിക്കറ്റ്‌ ലഭിക്കണം.   മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിവിധ പരിശോധനയും പൂർത്തിയാക്കണം. പൊളിക്കുന്ന തൊഴിലാളികൾക്കും പരിശീലനം നൽകണം. മുൻകരുതലുമെടുക്കണം.   ഇതെല്ലാം പൂർണമായി പാലിച്ചാണ്‌  കപ്പൽ പൊളിക്കുന്നത്‌.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ മാർഗ നിർദേശ പ്രകാരമാണ്‌  സ്ഥാപനം പ്രവർത്തിക്കുന്നത്‌. നാലുമാസം കൂടുമ്പോൾ ഷിപ്പിങ് മന്ത്രാലയത്തിന്‌ റിപ്പോർട്ട്‌ സമർപ്പിക്കണം. ഡ്രെഡോക്ക്‌ (കപ്പൽ ഉള്ളിൽ കയറ്റി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സംവിധാനം), ഷിപ്പ്‌ വേ, ഗ്രീൻ ഷിപ്പ്‌ റീസൈക്ലിങ്‌ സൗകര്യം എന്നിവയെല്ലാം അഴീക്കലിലുണ്ട്‌. 200 തൊഴിലാളികൾ ജോലി ചെയ്യുന്നു.  5000 ടൺ സാധനം  പൊളിച്ചെടുത്താൽ ചരക്ക്‌ സേവന നികുതിയിനത്തിൽ സർക്കാരിന്‌ അഞ്ച്‌ കോടി രൂപ ലഭിക്കും. ജൂലൈ മുതൽ ഇവിടെനിന്നുള്ള ഇരുമ്പ്‌ ഷീറ്റ്‌ സർക്കാർ സ്ഥാപനമായ ഓട്ടോ കാസ്‌റ്റിങ്ങിനാണ്‌ നൽകുന്നത്‌.   
ചെറിയ തോതിലുള്ള പ്രവർത്തനം നടത്തുന്ന അഴീക്കൽ സിൽക്ക്  പ്രതിവർഷം മൂന്ന്‌ കോടി രൂപ ചരക്ക്‌ സേവന നികുതിയിനത്തിൽ സർക്കാരിന്‌ അടയ്‌ക്കുന്നുണ്ട്‌. എന്നാൽ സമരവും വ്യാജ പ്രചാരണവും കാരണം കഴിഞ്ഞ മൂന്ന്‌ വർഷത്തിനിടയിൽ സിൽക്കിന്റെ   വരുമാന നഷ്ടം 10 കോടി രൂപയാണ്‌.  രണ്ടര കോടി രൂപയുടെ ലാഭ നഷ്ടവും ഒന്നരക്കോടി രൂപയുടെ നികുതി നഷ്ടവുമുണ്ടായി.  
(അവസാനിച്ചു)
പ്രധാന വാർത്തകൾ
 Top