29 February Saturday

ബിജെപിയിൽ പ്രസിഡന്റ്‌ പോര്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
കാസർകോട്‌
ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തിനായി ബിജെപിയിൽ അങ്കം മുറുകി. നിലവിലുള്ള ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്തും സംസ്ഥാന കൗൺസിൽ അംഗം രവീശതന്ത്രി കുണ്ടാറുമാണ്‌ രംഗത്തുള്ളത്‌. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ  സ്ഥാനാർഥിയാകാൻ ഇരുവരും നടത്തിയ മത്സരത്തിന്‌ സമാനമായ പോരാണ്‌ ജില്ലാ പ്രസിഡന്റാകാനും കാണുന്നത്‌. ശ്രീകാന്തിനെ മാറ്റി രവീശ തന്ത്രിയെ  ജില്ലാ പ്രസഡന്റാക്കാൻ ഒരു വിഭാഗം കൊണ്ടുപിടിച്ച്‌ ശ്രമിക്കുമ്പോൾ അത്‌ നടക്കാത്ത കാര്യമെന്നാണ്‌ മറുപക്ഷം പറയുന്നത്‌. ശ്രീകാന്തിനെ മാറ്റുമെന്ന മാധ്യമ വാർത്ത വാസ്‌തവ വിരുദ്ധമെന്നാണ്‌ ഇവർ പറയുന്നത്‌. സംസ്ഥാനത്ത്‌ ബിജെപി  ഗ്രൂപ്പുകളിൽ  കേന്ദ്രമന്ത്രി വി മുരളീധരനെ അനുകൂലിക്കുന്നയാളാണ്‌ ശ്രീകാന്ത്‌. മുൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസിന്റെ പക്ഷക്കാരനാണ്‌ രവീശ തന്ത്രി.
2016 ൽ സുരേഷ്‌കുമാർ ഷെട്ടിക്ക്‌ ശേഷം ജില്ലാ പ്രസിഡന്റായതാണ്‌ കെ ശ്രീകാന്ത്‌. ജില്ലയിൽ  ബിജെപിയുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അടുത്തയാളായാണ്‌ ശ്രീകാന്ത്‌ പാർടിയുടെ മുന്നിരയിൽ എത്തുന്നത്‌.  നേരത്തെ ജനറൽ സെക്രട്ടറിയായിരുന്നു. നാല്‌ വർഷമായി ബിജെപിയെ നയിക്കുന്ന ശ്രീകാന്ത്‌ ജില്ലാ പഞ്ചായത്ത്‌ അംഗം കൂടിയാണ്‌. ഉദുമയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകാൻ മുന്നിരയിലുണ്ടായിരുന്നു. ജില്ലയിൽ നിന്നും സംസ്ഥാനത്ത്‌ നിന്നും ശ്രീകാന്തിന്റെ പേരിനാണ്‌ മുൻഗണന ഉണ്ടായിരുന്നതെങ്കിലും  ഡൽഹിയിൽ നടന്ന അവസാനവട്ട ചർച്ചയിൽ ദേശീയനേതൃത്വം രവീശ തന്ത്രിക്കൊപ്പമാണ്‌ നിന്നത്‌. ഇതിനെതിരെ മഞ്ചേശ്വരത്ത്‌ ബിജെപി  പഞ്ചായത്ത്‌ കമ്മിറ്റികൾ പരസ്യ പ്രതിഷേധം ഉയർത്തി. യോഗത്തിനെത്തിയ ദേശീയനേതാക്കളെ തടഞ്ഞു. ഒടുവിൽ  തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾ ബിജെപി തോറ്റു. 
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്‌പ്രസിഡന്റായിരുന്ന രവീശതന്ത്രി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട്‌ മണ്ഡലത്തിൽ മത്സരിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ സജീവമാകുന്നത്‌. വടക്കൻ കേരളത്തിലെയും കർണാടകയിലേയും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായ  അദ്ദേഹത്തെ ഹിന്ദു ധ്രുവീകരണമുണ്ടാക്കി വിജയിപ്പിച്ചെടുക്കാനാണ്‌ ആർഎസ്‌എസ്‌ പദ്ധതിയിട്ടതെങ്കിലും നടന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിത്വ പരീക്ഷണം പരാജയപ്പെട്ടു. 
മഞ്ചേശ്വരത്തും പരാജയം ആവർത്തിച്ചു. തീവ്ര ഹിന്ദുത്വം ആയുധമാക്കി മുന്നേറാനുള്ള ബിജെപി തന്ത്രങ്ങൾക്ക്‌ വലിയ തിരിച്ചടിയായിരുന്നു വലിയ നിലക്ക്‌ വോട്ട്‌ പോലും വർധിപ്പിക്കാനാകാതെയുള്ള രവീശതന്ത്രിയുടെ പരാജയം.
പ്രധാന വാർത്തകൾ
 Top