05 December Thursday
സിപിഐ എം ഉദുമ, എളേരി ഏരിയാ സമ്മേളനങ്ങൾക്ക്‌ തുടക്കം

ചുവപ്പിന്റെ ആവേശം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

സിപിഐ എം ഉദുമ ഏരിയാ സമ്മേളനം കെ നാരായണൻ നഗറിൽ (ഉദുമ ഐശ്വര്യ ഓഡിറ്റോറിയം) കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

ഉദുമ/ പ്ലാച്ചിക്കര
സിപിഐ എം ഉദുമ, എളേരി ഏരിയാ സമ്മേളനങ്ങൾക്ക്‌ ആവേശോജ്വല തുടക്കം. 
സാമ്രാജ്വത്വ വിരുദ്ധ നയങ്ങൾക്കെതിരെ കോട്ടകെട്ടി പ്രതിരോധം കാത്ത ഉദുമയുടെ ചുവന്ന മണ്ണിൽ പുതിയ കരുത്തോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌.
പ്രതിനിധി സമ്മേളനം നടക്കുന്ന ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലെ കെ നാരായണൻ നഗറിൽ ടി നാരായണൻ  പതാക ഉയർത്തി. പ്രതിനിധികളെ വരവേറ്റ്‌ സ്വാഗതഗാനവും അരങ്ങേറി.  സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. കുന്നൂച്ചി കുഞ്ഞിരാമൻ താൽക്കാലിക അധ്യക്ഷനായി. പി ശാന്ത രക്തസാക്ഷി പ്രമേയവും ചന്ദ്രൻ കൊക്കാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി വി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. കുന്നൂച്ചി കുഞ്ഞിരാമൻ, എം കുമാരൻ, എം സരോജിനി, ആഷിക് മുസ്തഫ എന്നിവർ അടങ്ങിയ പ്രസിഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 
ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്‌ പ്രതിനിധികൾ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടത്തി.  26 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. 21 ഏരിയാകമ്മിറ്റി അംഗങ്ങളടക്കം 141 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 
സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, മുതിർന്ന നേതാവ് പി കരുണാകരൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, വി വി രമേശൻ, എം സുമതി, ജില്ലാ കമിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, എം ലക്ഷ്മി, കെ മണികണ്ഠൻ എന്നിവരും പങ്കെടുക്കുന്നു.
വ്യാഴം രാവിലെ ചർച്ചകൾക്ക്‌ മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും.  വ്യാഴം വൈകിട്ട് നാലിന് പാലക്കുന്ന് മീൻ മാർക്കേറ്റ് കേന്ദ്രീകരിച്ച് പൊതുപ്രകടനവും  ചുവപ്പു വളണ്ടിയർ മാർച്ചും ആരംഭിക്കും.  പി രാഘവൻ നഗറിൽ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.  നാസർ കോളായി മുഖ്യപ്രഭാഷണം നടത്തും. 
 
മുനയൻകുന്ന്, എളേരി കർഷക പോരാട്ടഭൂമിയുടെ ആവേശവുമായാണ്‌ പ്ലാച്ചിക്കരയിൽ എളേരി ഏരിയാ സമ്മേളനത്തിന്‌ തുടക്കമായത്‌.  സമ്മേളനം പ്ലാച്ചിക്കര ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എ അപ്പുക്കുട്ടൻ താല്‍ക്കാലിക അധ്യക്ഷനായി. രാവിലെ കൂരാംകുണ്ട് എം എസ് മത്തായി മാസ്റ്റർ സ്മൃതിമണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന ദീപശിഖ കെ പി നാരായണനിൽനിന്ന് സി വി ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി സമ്മേളന നഗറിൽ എത്തിച്ചു.  കയനി ജനാർദനൻ പതാക ഉയര്‍ത്തി.  സ്വാഗതഗാനത്തോടെയാണ്‌ പ്രതിനിധികളെ വരവേറ്റത്‌.   ടി കെ ചന്ദ്രമ്മ രക്തസാക്ഷി പ്രമേയവും പി കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി ആർ ചാക്കോ സ്വാഗതം പറഞ്ഞു.  എ അപ്പുക്കുട്ടൻ , കെ സി സാബു, പി റെസീന, എ വി രാജേഷ്, എം എൻ പ്രസാദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  തുടർന്ന്‌  ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു.  24 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎല്‍എ, സാബു അബ്രഹാം, സി പ്രഭാകരൻ, മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ സംബന്ധിക്കുന്നു. 
വ്യാഴാഴ്‌ച രാവിലെ ചർച്ചകൾക്ക്‌ മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും.   17ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 117 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 
വ്യാഴാഴ്ച വൈകിട്ട് നാലിന് കൂരാംകുണ്ട് കേന്ദ്രീകരിച്ച് ചുവപ്പ്‌ വളണ്ടിയർ മാർച്ചും പൊതുപ്രകടനവും  നടക്കും. പ്ലാച്ചിക്കരയിൽ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top