13 December Friday

കുരുന്നുതാരങ്ങൾ കുതിച്ചപ്പോൾ വിരിഞ്ഞത്‌ പുതിയ ഉയരം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

പി ഐഷ നിത (സീനിയര്‍ ഹൈജമ്പ്, കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂര്‍)

 തേഞ്ഞിപ്പലം

പൊള്ളുന്ന വെയിലിൽ ജില്ലയിലെ കുരുന്നുതാരങ്ങൾ കുതിച്ചപ്പോൾ വിരിഞ്ഞത്‌ പുതിയ ഉയരം, പുതിയ വേഗം. ഒരു വിഭാഗം അധ്യാപകരുടെ സമരം  മേളയുടെ നടത്തിപ്പിനെ ബാധിച്ചെങ്കിലും താരങ്ങൾ തളർന്നില്ല. ട്രാക്കിലും ഫീൽഡിലുമെല്ലാം പുതു നക്ഷത്രങ്ങൾ വിടർന്നു.  പുത്തൻ പ്രതീക്ഷകളുടെ മികച്ച പ്രകടനങ്ങൾ മൈതാനം നിറഞ്ഞു. 
ആദ്യദിനം 22 മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ 30 സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവുമായി എടപ്പാൾ ഉപജില്ല ബഹുദൂരം മുന്നിലാണ്. മൂന്ന്‌ വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 26 പോയിന്റുമായി തിരൂരാണ് രണ്ടാം സ്ഥാനത്ത്. മങ്കട (19), കിഴിശേരി (14) ഉപജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 
മൂന്ന്‌ ദിവസത്തെ മത്സരം രണ്ട്‌ ദിവസമാക്കി പെട്ടെന്ന്‌ മാറ്റിയതിന്റെ   പ്രയാസങ്ങൾ മേളയിൽ നിഴലിച്ചു. പ്രഖ്യാപിച്ചതിലും ഒരുമണിക്കൂർ വൈകിയാണ്‌ മത്സരം ആരംഭിച്ചത്‌. ഇതിനിടെ ബഹുഭൂരിപക്ഷം വരുന്ന കായികാധ്യാപകരും സമരവുമായി ട്രാക്കിലിറങ്ങിയത്‌ മത്സരത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചു. 
 ഓർഗനൈസിങ്‌ സെക്രട്ടറി പി ജെ മാനുവലും സംഘവും ഏറെ പണിപ്പെട്ടാണ്‌ മത്സരം നയിച്ചത്‌. ആറ്‌ ടൈം ട്രയൽ ഉൾപ്പെടെ ആദ്യ ദിനം 55 മത്സരങ്ങൾ പൂർത്തിയാകണം. എന്നാൽ പൂർത്തിയായത്‌ 22 എണ്ണം.  സമയം വൈകിയതോടെ ഗ്ലാമർ ഇനമായ 100 മീറ്ററിന്റെ ഫൈനൽ അടക്കം മാറ്റി. ശനിയാഴ്‌ച കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ കായികോത്സവം ആരംഭിക്കാനിരിക്കെ വ്യാഴാഴ്‌ച ഒറ്റദിവസം കൊണ്ട്‌ ബാക്കിയുള്ള ഇനങ്ങൾ പൂർത്തിയാക്കുക  പ്രയാസമാകും. മേള വെള്ളിയാഴ്‌ചത്തേക്ക്‌ നീണ്ടാൽ  മത്സരാർഥികളെയും സംഘാടകരെയും  ഒരുപോലെ ബാധിക്കും. കായികാധ്യാപകർ മേളയുമായി സഹകരിക്കണമെന്ന വികാരം കായികതാരങ്ങൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ശക്തമാണ്‌.  
 
പ്രധാന വാർത്തകൾ
 Top