20 November Wednesday

കൂടെയുണ്ട്‌ യുവസാഗരം

വി ജി ഹരിശങ്കർUpdated: Monday Oct 14, 2019

എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിന് തുറവൂർ മിൽമ ഫാക്ടറിക്ക് സമീപം നൽകിയ സ്വീകരണം

അരൂർ
ഒഴുകിയെത്തുകയായിരുന്നു അരൂരുകാർ. യുവാക്കളായിരുന്നു എല്ലാത്തിനും മുന്നിൽ. "ഏത് കാര്യത്തിലും ഒന്നാമനാണ്‌ മനുച്ചേട്ടൻ ’. ചമ്മനാട്ടെ ദ‌ൃശ്യ ദിനമണിയുടെ വാക്കിലുണ്ട്‌ മനുവിന്റെ നഖചിത്രം.  ‘ഞങ്ങളുടെ നാട്ടിൽ ദരിദ്രകുടുംബത്തിന് ഡിവൈഎഫ്ഐ  വീട് നിർമിച്ചു നൽകി. അതിനൊപ്പം നിന്നത്‌ മനുച്ചേട്ടനാണ്. ആർക്കെങ്കിലും ആപത്തുണ്ടായതറിഞ്ഞാൽ ഉടൻ ഓടിയെത്തും. ചികിത്സ  ഉറപ്പാക്കും.  വിവരങ്ങൾ ആരായും’.   
 മനുവിന്റെ വാഹനത്തിന് അകമ്പടിയാകുന്ന യുവസാഗരത്തിൽ ടൂവീലറുമായി ദ‌ൃശ്യയുമുണ്ട്. ആ പിന്തുണയ‌്ക്ക‌് അവൾക്ക‌് ഇങ്ങനെ ചില കാരണങ്ങളുമുണ്ട‌്. കോടംതുരുത്തിലെ അഖിലിന‌് ഏത് പ്രതിസന്ധികളിലും താങ്ങാവുന്ന ആളാണ‌് മനുച്ചേട്ടൻ. ‘തെറ്റായ ഒരു വാക്കോ പ്രതികരണമോ മനുച്ചേട്ടനിൽ നിന്ന് കേട്ടിട്ടില്ല’–- അഖിൽ അടിവരയിടുന്നു. ഏത് പ്രശ്നങ്ങൾക്കും ഏത് സമയത്തും ഔപചാരികത വേണ്ടാതെ സമീപിക്കുവാനാകുന്ന ജ്യേഷ‌്ഠ സഹോദരൻ. കാരുണ്യത്തിന്റെയും ആതുരസേവനത്തിന്റെയും പാഠങ്ങൾ പകർന്ന മനുഷ്യ സ്‌നേഹി. ഹ‌ൃദയത്തിലവർ മനുവിനെ എഴുതിച്ചേർക്കുന്നത‌് അങ്ങനെയൊക്കെയാണ‌്. 
   സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വലിയ ജനക്കൂട്ടം.  അമ്മമാരും സഹോദരിമാരും എല്ലാമുണ്ട്‌.  ആർപ്പുവിളിച്ച് യുവാക്കൾ. പൂക്കൾ വിതറി യുവതികൾ.... കൈ നൽകാനും മാലയിടാനും മത്സരം.  സെൽഫിക്ക്‌ തിരക്ക്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഹ്രസ്വമായ പ്രസംഗം." എന്നും നിങ്ങളോടൊപ്പം ഉണ്ടാകും " ഉറച്ച വാക്ക്.നിലയ്‌ക്കാത്ത  കൈയടികൾക്കിടയിലൂടെ അടുത്ത സ്വീകരണ കേന്ദ്രത്തിലേയ്‌ക്ക്‌. 
  ഞായറാഴ്‌ച എരമല്ലൂരിലെ കോലത്തുശേരിയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. കോടംതുരുത്ത്, കുത്തിയതോട്, നാലുകുളങ്ങര, കോസ്‌റ്റൽ, മനക്കോടം മേഖലകളിലെ പര്യടനത്തിന് ശേഷം തുറവൂർ കൂരിപ്പള്ളിൽ കോളനിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി ജയരാജൻ, എ എം ആരിഫ് എംപി, എംഎൽഎമാരായ എ എൻ ഷംസീർ, യു പ്രതിഭ തുടങ്ങിയവർ സംസാരിച്ചു. യുഡിഎ‌് സ്ഥാനാർഥി ഷാനിമോൾ ഉസ‌്മാൻ തുറവൂർ, കുത്തിയതോട്‌ പഞ്ചായത്തുകളിലും എൻഡിഎ സ്ഥാനാർഥി പ്രകാശ‌് ബാബു കുത്തിയതോടും വോട്ടുതേടി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top