18 November Monday

വെള്ളക്കെട്ട്‌: കനകക്കുന്നിൽ 30 കുടുംബങ്ങൾ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

കനകക്കുന്ന് പ്രദേശത്തെ വെള്ളക്കെട്ട്

 

മുതുകുളം
ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് ചേരക്കാട്ടിൽ ക്ഷേത്രത്തിന് കിഴക്കുവശത്തെ വെള്ളക്കെട്ട്‌ മുപ്പതിലധികം കുടുംബങ്ങൾക്ക്‌ ദുരിതമാകുന്നു.  സമീപത്തെ രണ്ടു ഓടകൾ അടഞ്ഞതാണ്‌ വെള്ളംകെട്ടികിടക്കാൻ കാരണം. 
ചുറ്റും വെള്ളമായതിനാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്‌. കുറച്ചുവീടുകൾക്കുള്ളിൽ വെള്ളം കയറി. ഒഴുക്കിക്കളയാൻ സൗകര്യമില്ലാത്തതിനാൽത്തന്നെ മഴ കുറഞ്ഞാലും വെള്ളം കെട്ടിനിൽക്കും. അഴുക്കുവെള്ളത്തിൽ ഇറങ്ങിയ മുതിർന്നവരുടെയും കുട്ടികളുടെയുമെല്ലാം കാലുകൾ ചൊറിഞ്ഞുപൊട്ടി  പലരും ചികിത്സയിലാണ്. എബിസി പാലസിൽ വിജയമ്മ കാലിൽ അണുബാധയുണ്ടായി ഒരാഴ്‌ചയോളം ആശുപത്രിയിലായിരുന്നു.  ചിലർ ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്‌. 
കിടപ്പുരോഗിയായ ചക്കിട്ടചിറയിൽ ക‌ൃഷ്‌ണൻകുട്ടി (80) കടുത്ത ദുരിതം അനുഭവിക്കുകയാണ്. വീടിനുള്ളിലും മലിന ജലം കെട്ടിനിൽക്കുന്നു.  കട്ടിൽ ഉയർത്തിവച്ചാണ്‌ ഇയാളെ കിടത്തിയിരിക്കുന്നത്. കാലിലും മറ്റും വൃണങ്ങളുണ്ടായതിനാൽ ഇദ്ദേഹത്തിന്റെ മരുമകളും കുട്ടികളും പത്തിയൂരുള്ള കുടുംബവീട്ടിലേക്ക് മാറി. മകൻ സന്തോഷാണ്‌  ക‌ൃഷ്‌ണൻകുട്ടിയെ പരിചരിക്കുന്നത്‌.  
പടിഞ്ഞാറുവശത്തെ ഗുരുമന്ദിരത്തിന്റെ വടക്കുഭാഗത്തുള്ളള ഓടയിലൂടെയാണ്‌ വെള്ളം കായലിലേക്ക് ഒഴുകിയിരുന്നത്. ഈ ഓട അടഞ്ഞു. കിഴക്കോട്ടൊഴുകി മുതുകുളം ഒമ്പതാം വാർഡിന്റെ പടിഞ്ഞാറ് കൂട്ടുങ്കൾ തോട്ടിലെത്തി കായലിലേക്ക് പോകുന്ന ഓടയും അടഞ്ഞതാണ്‌ വെള്ളംകെട്ടിക്കിടക്കാൻ കാരണം. വെള്ളക്കെട്ടൊഴിവാക്കാൻ നടപടി ആവശ്യപ്പെട്ട്‌ നാട്ടുകാർ കലക്‌ടർക്ക്‌ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top