23 September Wednesday

മാസ്ക് മുതല്‍ സാനിറ്റൈസർവരെ... ഈ ബസാറിലുണ്ട്

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കുടുംബശ്രീ ബസാറിൽ ഉൽപ്പന്നങ്ങൾ കാണുന്ന യുവതി

 

സ്വന്തം ലേഖിക 
തിരുവനന്തപുരം 
പലഹാരങ്ങൾ, കരകൗശലവസ്തുക്കൾ, പൊടികൾ, പലചരക്ക്‌ സാധനങ്ങൾ തുടങ്ങി മാസ്കും സാനിറ്റൈസറും വരെ റെഡിയാണ്‌. ഉയർന്ന ഗുണമേന്മയിലും കുറഞ്ഞ വിലയിലും. ജില്ലയിലെ 200 ഓളം കുടുംബശ്രീ സംരംഭങ്ങളിൽ നിന്നുള്ള വീട്ടമ്മമാരും ഭിന്നശേഷിക്കാരും നിർമിച്ച ഉൽപ്പന്നങ്ങൾ ‘കുടുംബശ്രീ ബസാർ’എന്ന പേരില്‍ തലസ്ഥാനത്ത്‌ ആരംഭിച്ചു. ജില്ലയിലെ  ആദ്യ കുടുംബശ്രീ സ്ഥിരംവിപണന കേന്ദ്രമാണിത്‌. തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപമാണ് വില്‍പ്പനകേന്ദ്രം. 
മന്ത്രി എ സി മൊയ്‌തീൻ ഓൺലൈനായി ബസാർ ഉദ്‌ഘാടനം ചെയ്തു. മേയർ കെ ശ്രീകുമാർ ആദ്യ വിൽപ്പന നടത്തി. മാസച്ചന്തകളിലും ഉത്സവമേളകളിലും മാത്രം ലഭ്യമാകുന്ന കുടുംബശ്രീയുടെ തനത് ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കൾ, കളിമൺ പാത്രങ്ങൾ തുടങ്ങിയവയും ലഭിക്കും. 
ബഡ്‌സ്‌ സ്‌കൂളിലെ കുട്ടികൾ നിർമിക്കുന്ന പേപ്പർ ബാഗ്‌, പേനകൾ, ബിആർസിയുടെ ഉൽപ്പന്നങ്ങൾ തുടങ്ങിയവയും ബസാറിലുണ്ട്. അവശ്യസാധനങ്ങൾ ഹോം ഡെലിവറി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ ആർ ഷൈജു പറഞ്ഞു. 
കോർപറേഷനുകീഴിലുള്ള ജനകീയ ഹോട്ടലുകളിലേക്കുള്ള സാധനങ്ങൾ ബസാർ വഴിയാകും നൽകുക. ജില്ലാ മിഷൻ വിതരണം ചെയ്തിരുന്ന കോവിഡ്‌ പ്രതിരോധ ആയുർ മാസ്കും ബസാർ വഴി നൽകും. 
30 ലക്ഷം രൂപയാണ്‌ ബസാറിന് സർക്കാർ അനുവദിച്ചത്‌. മികച്ച സംരംഭകരായ 76 പേരെ ചേർത്ത്‌ രൂപീകരിച്ച കൺസോർഷ്യത്തിനാണ്‌ ചുമതല.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top