24 September Thursday

മണ്ണെടുത്ത മായാത്ത ഓർമകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ദുരന്തത്തിൽ എട്ട് പേർ മരിച്ച കവളപ്പാറ തോടിനോട് ചേർന്ന് വീട് നിന്നിരുന്ന സ്ഥലത്തിനരികെ മുതിരകുളവൻ ഇബ്രാഹിം

എടക്കര
ഒരാണ്ട്‌ പിന്നിടുമ്പോഴും കവളപ്പാറ തോട്ടിലൂടെ ഒഴുകുന്നത് കണ്ണീരുപ്പുകലർന്ന വെള്ളം. മലയിടിഞ്ഞ്‌ ഒരുവീട്‌  മൺകൂനയായി മാറിയപ്പോൾ‌ അഭയം തേടിയെത്തിയവരടക്കം എട്ടുപേർ കവളപ്പാറക്ക്‌ കണ്ണീരോർമ.
2019 ആഗസ്ത് എട്ടിനുണ്ടായ കവളപ്പാറ ദുരന്തത്തിൽ തോടിനോട് ചേർന്ന് താമസിച്ചിരുന്ന മുതിരകുളവൻ മുഹമ്മദിന്റെ വീട്ടിൽ അഭയം തേടിയവരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്‌. കവളപ്പാറ തോടിന്റെ കരയിലായിരുന്നു മുഹമ്മദിന്റെ വീട്. മുഹമ്മദ്, ഭാര്യ ഫൗസിയ, മകൾ ഫിബ ഫാത്തിമ, തോട്ടിൽ വെള്ളം ഉയർന്നതിനാൽ അഭയം തേടിയെത്തിയ മാതി, പ്രിയ, പ്രജിഷ, ഗോകുൽ, മൊബൈൽ ചാർജ് ചെയ്യാൻ എത്തിയ അയൽവാസി ആബിദയുമാണ് ദുരന്തത്തിൽ മരിച്ചത്. കൂറ്റൻ പാറക്കെട്ട് വീടിന് മുകളിൽ പതിച്ചാണ് വീട്‌ തകർന്നത്‌. 
ഒന്നരവർഷംമുമ്പ് പഞ്ചായത്ത് അനുവദിച്ച വീടിന്റെ സ്ഥാനത്ത്‌ ഒരു മൺകൂനമാത്രമാണ് ബാക്കിയായത്‌. ദുരന്തത്തിൽ ഏറ്റവും കൂടുതൽ മരണം ഈ തോടിനോട് ചേർന്ന വീട്ടിലായിരുന്നു. മുഹമ്മദിന്റെ  മകളും പ്ലസ് വൺ വിദ്യാർഥിനിയുമായ ഫെഹ്മിദയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തിയ മകൾക്ക് പാണ്ടിക്കാട് ഉമ്മയുടെ ബന്ധുക്കളോടൊപ്പം താമസിക്കാൻ സന്നദ്ധ സംഘടന വീട് നിർമിച്ചു. മുഹമ്മദിന്റെ സഹോദരിക്ക് ആധാരം എഴുത്ത് സംഘടന ഭൂദാനത്ത് വീട് നിർമിച്ചു. ഒന്നരമാസംമുമ്പ് പി വി അൻവർ എംഎൽഎ താക്കോൽ കൈമാറി. സർക്കാരിന്റെ  ധനസഹായവും കുടുംബത്തിന് ലഭിച്ചു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top