19 September Saturday

ആൻ മരിയയുടെ കൊലപാതകം ആസൂത്രണം ചെയ്തത് കുടുംബത്തെ ഇല്ലാതാക്കാൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
വെള്ളരിക്കുണ്ട്
അച്ഛനെയും അമ്മയെയും സഹോദരിയെയും ഇല്ലാതാക്കി ആർഭാട ജീവിതം നയിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് ആൻ മരിയയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ ആൽബിൻ പൊലീസിനോട് പറഞ്ഞു. ബളാലിലെ ഉൾഗ്രാമമായ അരിങ്കല്ലിലാണ് ഇവരുടെ താമസം. കൃഷിയും പശു, പന്നി വളർത്തൽ തുടങ്ങിയവ നടത്തി നല്ലരീതിയിൽ ജീവിക്കുന്ന കുടുംബം. ഓലിക്കൽ ബെന്നിയ്ക്കും ഭാര്യ ബെസിക്കും മൂന്നുമക്കൾ. മൂത്തത് ആൽബിൻ, രണ്ടാമൻ ബിബിൻ താമരശേരി സെമിനാരിയിൽ വൈദിക വിദ്യാർഥി. മൂന്നാമത്തേത് ആൻ മരിയ. എസ്എസ്എൽസി വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിന് കാത്തുനിൽക്കുകയായിരുന്നു.
ആൽബിന്‌ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിലും ആർഭാട ജീവിതത്തിനോടായിരുന്നു താൽപര്യം. മയക്കുമരുന്നും മദ്യവും എല്ലാം ചെറുപ്പത്തിലേ ശീലിച്ചു. നേരത്തെ ജോലിക്കുനിന്ന സ്ഥാപനത്തിൽനിന്ന് സ്വഭാവദൂഷ്യം കാരണം ഒഴിവാക്കി. വീട്ടിൽനിന്ന് നൽകുന്ന പണം തികയാത്തതിനാൽ സുഹൃത്തുക്കളോടും മറ്റും പണം കടം വാങ്ങും. കൃഷിയെ സഹായിക്കാൻ പിതാവ്‌ നിർബന്ധിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സദാസമയവും മൊബൈലിൽ കളിക്കുന്നതും പിതാവ്‌ ചോദ്യം ചെയ്യും. എല്ലാവരെയും ഇല്ലാതാക്കിയ ശേഷം സ്വത്ത്‌ മുഴുവൻ വിറ്റു ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി മറ്റൊരിടത്തേക്ക്‌ മാറാനായിരുന്നു പദ്ധതി.
കൊല നടപ്പാക്കിയ രീതിയെ കുറിച്ച് പൊലീസ് പറയുന്നത് 
ഐസ്ക്രീമിൽ വിഷം കലർത്തുന്നതിന് ഒരാഴ്ച മുമ്പും ആൽബിൻ ചിക്കൻകറിയിൽ വിഷം കലർത്തിയിരുന്നു. അത് പാളി. പിന്നീട് ഇന്റർനെറ്റ്‌ വഴി ഗൂഗിളിൽ തപ്പിയാണ് വിഷത്തിന്റെ പേര്‌ കണ്ടെത്തിയത്‌. 29ന് വെള്ളരിക്കുണ്ടിൽനിന്ന് എലി വിഷം വാങ്ങി വീട്ടിൽ ഒളിപ്പിച്ചു. 30ന് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കാൻ ആൽബിൻ നിർബന്ധിച്ചു. അന്നുണ്ടാക്കിയ ഐസ്ക്രീം രണ്ട് പാത്രത്തിലാക്കി ഒന്ന് ഫ്രീസറിൽ വച്ച് തണുപ്പിച്ച് രാത്രി എല്ലാവരും കഴിച്ചു. പിറ്റേന്ന് രാവിലെ ഒരു പാത്രത്തിലെ ഐസ്ക്രീമിൽ ആൽബിൻ വിഷം കലർത്തി. ഇത് ബെന്നിയും മകൾ ആൻമരിയയും കഴിച്ചു. ശേഷം ബാക്കിവന്നത് മറ്റേ പാത്രത്തിലുള്ളതിൽ കലർത്തി. അതിനുശേഷം ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. അമ്മ കഴിച്ചു. എന്നാൽ ഡോസ് കുറവായതിനാൽ അവർക്ക് ഒന്നും സംഭവിച്ചില്ല.പിറ്റേദിവസം ആൻമരിയക്ക് ഛർദിയുണ്ടായി. വെള്ളരിക്കുണ്ടിൽനിന്ന് മരുന്ന് വാങ്ങി. പിറ്റേദിവസം ബെന്നിക്കും ഛർദി ഉണ്ടായി. മൂന്ന് ദിവസമായിട്ടും കുറവില്ലാത്തതിനാൽ ലബോറട്ടറിയിലെ പരിശോധനയിൽ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടു. അങ്ങനെ ചെറുപുഴയിലെ ബന്ധുക്കളെത്തി ആൻമരിയയെ പുളിങ്ങോത്തെ വൈദ്യനെ കാണിച്ച് മരുന്ന് നൽകി. രോഗം മൂർഛിച്ച് കഴിഞ്ഞ അഞ്ചിന് ആൻമരിയ മരിച്ചു. അന്നുതന്നെ രോഗം കൂടിയ ബെന്നിയെ പയ്യന്നൂരും കണ്ണൂരും തുടർന്ന്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 
ഇതിനിടെ ബെസിക്കും ചെറിയതോതിൽ അസ്വസ്ഥതയുണ്ടായതിനാൽ ആശുപത്രിയിലെത്തിച്ചു. ഇവരോടൊപ്പം ആൽബിനും അസ്വസ്ഥത അഭിനയിച്ച് ആശുപത്രിയിൽ എത്തി. തന്ത്രപരമായിട്ടായിരുന്നു എല്ലാ നീക്കങ്ങളും. വീട്ടിൽ എല്ലാവർക്കും രോഗം ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തതിനെ തുടർന്ന്‌ പൊലീസും ആരോഗ്യവകുപ്പ്‌ അധികൃതരും നടത്തിയ പരിശോധനയിലൂടെയാണ്‌ കേസ്‌ വഴിത്തിരിവിൽ എത്തിയത്‌. ആൻമരിയയുടെ പോസ്‌റ്റ്‌ മോർട്ടത്തോടെ സ്ഥിരീകരിക്കുകയും ചെയ്‌തു. 
വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ പ്രേംസദൻ, എസ് ഐ ശ്രീദാസൻ , പി പി ജയപ്രകാശ്, പി ബി വിനോദ് കുമാർ, കെ കെ സുഗുണൻ, എം ധനേഷ്, എം രഘുനാഥൻ ,എൻ പി അനൂപ് , ടി ആർ അനീഷ് എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് കുറ്റവാളിയെ കുടുക്കിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top