22 September Tuesday

രോഗികൾ കുറയുന്നെന്നുകണ്ട്‌ ജാഗ്രത കൈവിടരുത്‌

സ്വന്തം ലേഖികUpdated: Friday Aug 14, 2020
 
തൃശൂർ
ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ചിട്ടയോടെയും ശാസ്‌ത്രീയവുമായ പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണ്‌ ജില്ലയിലെ കോവിഡ്‌ കേസുകൾ ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയുന്നത്‌‌. നാലു‌ ദിവസമായി രോഗികളുടെ എണ്ണം 50ൽ താഴെയായിരുന്നു‌. കഴിഞ്ഞ ദിവസമാണ്‌ 75ലേക്ക്‌ എത്തിയത്‌. എന്നാൽ രോഗമുക്തരുടെ എണ്ണം കൂടുന്നുണ്ട്‌‌. 
രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത്‌ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അമ്പതോളം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ കേന്ദ്രങ്ങളാണ്‌ സജ്ജമാക്കിയത്‌. സിഎഫ്‌എൽടിസികൾ കുറയ്‌ക്കാനുള്ള തീരുമാനമില്ല. ഏതുസമയവും രോഗികളുടെ എണ്ണം കൂടിയേക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതർ. തുടക്കത്തിൽ മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ‌, കൊരട്ടി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്‌, കില, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്‌ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ കേന്ദ്രങ്ങൾ ആരംഭിച്ചത്. രോഗികളിൽ ഭൂരിഭാഗവും ചികിത്സയിൽ കഴിയുന്നത്‌ ഇവിടെയാണ്‌. മറ്റുള്ള കേന്ദ്രങ്ങളിൽ വിരലിലെണ്ണാവുന്ന രോഗികൾ മാത്രമാണുള്ളത്‌.  
1000 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള കേന്ദ്രം നാട്ടികയിലും ഒരുങ്ങുന്നുണ്ട്‌. അടുത്ത ആഴ്‌ച പ്രവർത്തനമാരംഭിക്കും. രോഗികളെയെല്ലാം ഒന്നിച്ച്‌ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ആയാൽ മറ്റ്‌ സിഎഫ്‌എൽടിസികളിലേക്കുള്ള രോഗീപ്രവേശനം കുറയ്‌ക്കും. നാട്ടികയും പ്രധാന ചികിത്സാകേന്ദ്രമാക്കി മാറ്റാനാണ്‌ ആലോചനയെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന പറഞ്ഞു. എന്നാൽ സിഎഫ്‌എൽടിസികൾ വെട്ടിക്കുറക്കില്ല. പുതിയത്‌ ഉടൻ ആരംഭിക്കില്ല. രോഗികളുടെ എണ്ണം കൂടിയാൽ ചികിത്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ജില്ലയിലുണ്ട്‌‌. 
മറ്റുള്ള ജില്ലകളെ അപേക്ഷിച്ച്‌ എൻആർഐ, എൻആർകെകളുടെ വരവ് ജില്ലയിൽ‌ താരതമ്യേന കൂടുതലായിരുന്നു. എന്നാൽ ജില്ലയിലെ ആരോഗ്യ വകുപ്പും ജനപ്രതിനിധികളും പരസ്‌പരം സഹകരിച്ച്‌ മുന്നോട്ടുപോയതിന്റെ ഫലമായാണ്‌ രോഗവ്യാപനത്തിന്റെ തോത്‌ കുറക്കാനായത്‌. അടുത്ത ജില്ലകളിലെല്ലാം രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണുള്ളത്‌. ജില്ലയിലും രോഗികളുടെ എണ്ണം വരുംദിവസങ്ങളിൽ വർധിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നും ജാഗ്രത കൈവിടരുതെന്നും ജില്ലാ ഹെൽത്ത്‌ ഓഫീസർ പി കെ രാജു പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top