26 August Monday
ജില്ലയില്‍ 2 മരണംകൂടി

അരലക്ഷം പേർ ക്യാമ്പിൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
തൃശൂർ
മഴക്കെടുതിയിൽ രണ്ട്‌ മരണംകൂടി. വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡിലെ പുളിക്കൽ നാസറിന്റെ ഭാര്യ റസിയ (47) പാടശേഖരത്തിലെ വെള്ളച്ചാലിൽ മുങ്ങിമരിച്ചു. കോടാലിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ  വാർക്കത്തട്ടുകൾ പൊളിക്കുന്നതിനിടെ സൺഷെയ്ഡ്  ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.   
രണ്ടുപേർക്ക്‌ പരിക്കുപറ്റി. വാർക്കപ്പണിക്കാരൻ കുറ്റിച്ചിറയിൽ താമസിക്കുന്ന കുറ്റിക്കാട്  ഒറ്റക്കൊമ്പൻ വെളുത്തായി വീട്ടിൽ സത്യാനന്ദൻ (39) ആണ്‌ മരിച്ചത്‌. 
അതുരുത്തുംതാഴം കായലിനു സമീപം ഭർത്താവ്, മകൻ സുബഹാൻ, സഹോദരിയുടെ മകൻ നിഷാം എന്നിവർക്കൊപ്പം  കുളിക്കാനിറങ്ങിയതിനിടെയാണ്‌ റസിയ അപകടത്തിൽപ്പെട്ടത്‌.  ഭർത്താവും മകനും രക്ഷപ്പെട്ടു. രക്ഷിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയ നിഷാമിനെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കിഴക്കേ കോടാലി നിലംപതിക്ക് സമീപം ചൊവ്വാഴ്ച പകൽ ഒന്നരയോടെ  മാമിനിശേരി (കാഞ്ഞിരത്തിങ്കൽ) ജോർജിന്റെ (53) വീട് പണിക്കിടെയാണ്‌  
സത്യാനന്ദൻ മരിച്ചത്‌.  വീട്ടുടമയും തെങ്ങ് കയറ്റത്തൊഴിലാളിയുമായ ജോർജ്, വാർക്കപ്പണിക്കാരൻ കുറ്റിച്ചിറ കുറ്റിലാൻ വീട്ടിൽ സതീഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യാനന്ദന്റെ അമ്മ:- അമ്മിണി. ഭാര്യ: - ഷൈനി. മക്കൾ: - അഞ്‌ജന, അഖിന. സംസ്കാരം പിന്നീട്. 
ജില്ലയിൽ ചൊവ്വാഴ്ച പകൽ മഴ ഒഴിഞ്ഞുനിന്നെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായി. ജില്ലയിൽ 245 ദുരിതാശ്വാസ ക്യാമ്പുകളാണ്‌ പ്രവർത്തിക്കുന്നത്‌. 
അരലക്ഷത്തോളം പേർ വിവിധ ക്യാമ്പുകളിലായുണ്ട്‌. ക്യാമ്പുകളിൽ ഭക്ഷണവും പ്രാഥമിക ചികിത്സാസംവിധാനങ്ങളും ഒരുക്കി നൽകുന്നുണ്ട്. 16101 കുടുംബങ്ങളിൽ നിന്നുള്ളവരാണ്‌ ക്യാമ്പുകളിലുള്ളത്‌.  
ഇതുവരെ 219 വീടുകൾ ഭാഗികമായും 22 വീടുകൾ പൂർണമായും തകർന്നു.  ജില്ലയിൽ കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. 
നാട്ടുകാരും പുതുക്കാട് അഗ്നി രക്ഷാ സേനയും വെള്ളിക്കുളങ്ങര പൊലീസും വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസറും  രക്ഷാ പ്രവർത്തനത്തിന്‌ നേതൃത്വം നൽകി. ഇതോടെ, കാലവർഷത്തിൽ മരണം പന്ത്രണ്ടായി.
പ്രധാന വാർത്തകൾ
 Top