22 September Sunday
നഷ്ടം ഒരു കോടി

നശിച്ചത് നൂറോളം വായനശാലകള്‍

കെ പി ഭാസ്കരൻUpdated: Wednesday Aug 14, 2019
 
വണ്ടൂർ
പ്രളയത്തിൽ ജില്ലയിൽ നൂറോളം വായനശാലകൾ നശിച്ച്‌ ഒരു കോടിയോളം രൂപയുടെ നഷ്ടം. പതിനഞ്ചിലധികം വായനശാലകളിലെ പുസ്തകങ്ങൾ, കംപ്യൂട്ടർ, ഫർണിച്ചര്‍, ഇലക്ട്രേണിക് ഉപകരണങ്ങൾ എന്നിവ പൂർണമായും നശിച്ചു. നിലമ്പൂർ താലൂക്കിലെ ഗ്രന്ഥശാലകൾക്കാണ് ഏറെ നഷ്ടം. താലൂക്കിലെ പാലപറമ്പ് ചൈതന്യ വായനശാല, യൂത്ത് അസോസിയേഷൻ മമ്പാട്, ഡോ. അംബേദ്കർ ഗ്രന്ഥശാല എളമ്പുഴ, നവജ്യോതി വായനശാല മരത്തിൻകടവ്, നവയുഗ വായനശാല അമ്പുട്ടാൻപൊട്ടി, യുനൈറ്റഡ് സ്റ്റാർസ് പനങ്കയം, സുധീർ സ്മാരക വാത്മീകം ആദിവാസി വായനശാല  അപ്പൻകാപ്പ്, ഗോത്ര ജ്യോതി വായനശാല പുഞ്ചകൊല്ലി, സഫ്ദർ ഹശ്‌മി വായനശാല പുള്ളിപ്പാടം, പൊന്നാനി താലൂക്കിലെ സഹൃദയ വായനശാല കോട്ടത്തറ, ഏറനാട് താലൂക്കിലെ കിരണം പത്തനാപുരം, ഹശ്‌മി വായനശാല കൊഴക്കോട്ടൂർ, പ്രിയദർശിനി വായനശാല കീഴുപറമ്പ് തുടങ്ങിയവയുടെ കെട്ടിടങ്ങളും പുസ്തകങ്ങളും ഉപകരണങ്ങളുമാണ്‌ പൂർണമായി നശിച്ചത്‌. ആദിവാസി മേഖലകളിലെ ലൈബ്രറികളും നശിച്ചിട്ടുണ്ട്‌.
കൊണ്ടോട്ടി, തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളിലായി നിരവധി ലൈബ്രറികളിൽ വെള്ളം കയറി. ഇവിടങ്ങളിൽ പുസ്തകങ്ങളും മറ്റ്‌ ഉപകരണങ്ങളും മാറ്റിയതിനാൽ നഷ്ടം ഒഴിവായി. ഇവ ചെളി കയറി വൃത്തിഹീനമായി. വെള്ളമിറങ്ങിയാലും   വൃത്തിയാക്കി 
ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ ഇവ ഉപയോഗിക്കാൻ കഴിയൂ. 
ചെളി കയറിയ പുസ്തകങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്‌. നശിച്ച ഗ്രന്ഥശാലകൾ നന്നാക്കാൻ എല്ലാ അംഗ ഗ്രന്ഥശാല പ്രവർത്തകരും പുസ്തകങ്ങളും ഫർണിച്ചറുകളും ശേഖരിക്കണമെന്നും ഇവ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിക്കണമെന്നും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ കെ ബാലചന്ദ്രൻ, സെക്രട്ടറി എൻ പ്രമോദ് ദാസ് എന്നിവർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top