03 August Monday

രണ്ട്‌ എഫ്‌എൽടിസികൾകൂടി ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കോഴിക്കോട്‌
കോവിഡ്‌ രോഗികളുടെ ചികിത്സക്ക്‌ രണ്ട്‌ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ (എഫ്‌എൽടിസി) കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. ഇഖ്‌റ ആശുപത്രിയോട്‌ ചേർന്നുള്ള കെട്ടിടത്തിലും ചാത്തമംഗലം  എൻഐടിയിലെ ആൺകുട്ടികളുടെ ഹോസ്റ്റലുമാണ്‌ ഇതിനായി കണ്ടെത്തിയത്‌. ഇവിടെ സൗകര്യങ്ങൾ ക്രമീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്‌. ഈ മാസത്തിനകം പ്രവർത്തനം തുടങ്ങും. 
കോവിഡ്‌ സ്ഥിരീകരിക്കുന്നവരിൽ ഗുരുതരാവസ്ഥയിലല്ലാത്തവരെ ചികിത്സിക്കുന്ന കേന്ദ്രമാണ്‌ എഫ്‌എൽടിസി. നിലവിൽ ലക്ഷദ്വീപ്‌ ഗസ്‌റ്റ്‌ഹൗസ്‌, എൻഐടി ഹോസ്റ്റൽ എന്നീ രണ്ടു കേന്ദ്രങ്ങളിലാണ്‌ ചികിത്സ നൽകുന്നത്‌. രോഗികളുടെ എണ്ണം 10,000 വരെ ഉയരുന്ന സാഹചര്യങ്ങൾവരെ നേരിടാനുള്ള പ്ലാൻ എ, ബി,  സി   സജ്ജീകരണങ്ങൾ ജില്ലാ ഭരണകേന്ദ്രവും ആരോഗ്യ വിഭാഗവും കൈക്കൊണ്ടിട്ടുണ്ട്‌.   
കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിക്കു ‌പുറമെ  820 ഫസ്റ്റ്‌‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളും (എഫ്‌എൽടിസി) രണ്ട്‌ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രികളുമാണ്‌ സജ്ജമാക്കിയത്‌. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌  എഫ്‌എൽടിസികൾ പ്രവർത്തനം തുടങ്ങും.  ഓരോ താലൂക്ക്‌ ആശുപത്രിയോടും ചേർന്നാണ്‌ എഫ്‌എൽടിസികൾ ഒരുക്കിയത്‌. ഗുരുതരാവസ്ഥയിലുള്ള രോഗികൾ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ എഫ്‌എൽടിസി, സ്വകാര്യ ആശുപത്രികൾ എന്നിവയിലുമാണ്‌ ചികിത്സിക്കുക.
രോഗികളുടെ എണ്ണം ആയിരംവരെ  ഉയരുമ്പോൾ സ്വീകരിക്കുന്ന നടപടികളാണ്‌ പ്ലാൻ എ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്‌.  1000 രോഗികളിൽ ഏകദേശം 20 ശതമാനം പേർക്കാണ്‌ ഗുരുതരാവസ്ഥ ഉണ്ടാകാൻ സാധ്യത. അഞ്ചു ശതമാനത്തിന്‌ വെന്റിലേറ്റർ സൗകര്യം വേണ്ടിവരും. ഈ ഘട്ടത്തിലേക്കായി 50 വെന്റിലേറ്ററുകളടക്കം ഗവ. മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിട്ടുണ്ട്‌.  രോഗികളുടെ എണ്ണം‌ 5000 വരെ എത്തുന്ന ഘട്ടത്തിലേക്കാണ്‌ പ്ലാൻ ബി തയ്യാറാക്കിയത്‌. ഈ ഘട്ടത്തിൽ കെഎംസിടി, മൊടക്കല്ലൂർ മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ ചികിത്സ ഒരുക്കും. ഗുരുതരാവസ്ഥയിലല്ലാത്ത നാലായിരത്തോളം കേസുകൾ എഫ്‌എൽടിസികളിലും സ്വകാര്യ ആശുപത്രികളിലുമായി തുടരും. അപ്പോഴേക്കും പ്ലാൻ എയിലെ ലക്ഷണങ്ങളില്ലാത്ത കേസുകളെ വീട്ടിലേക്ക്‌ മാറ്റി ചികിത്സ നൽകാനാകുമെന്നാണ് നിഗമനം. രോഗികളുടെ എണ്ണം 10,000 വരെ എത്തിയാൽ പ്ലാൻ സിയും നടപ്പാക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top