25 August Sunday

പടന്ന പഞ്ചായത്ത‌് വൈസ് പ്രസിഡന്റ് ടി കെ സുബൈദക്ക‌് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
പടന്ന 
പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുബൈദക്കെതിരെ  കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും രംഗത്ത്. വൈസ് പ്രസിഡന്റ‌് സ്ഥാനം ഒഴിയണമെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി സുബൈദക്ക‌്  ഭീഷണി സ്വരത്തിൽ  കത്ത് നൽകി. 
യുഡിഎഫ് നേതൃത്വത്തിന്റെ ഭീഷണിയും പീഡനത്തിനും പിന്നാലെയാണ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിയുടെ കത്ത്. ഞായറാഴ്ച ചേരുന്ന യോഗത്തിൽ വിവാദ പരാമർശം പിൻവലിച്ച് രേഖാമൂലം വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും കത്തിൽ ഭീഷണിമുഴക്കുന്നു.   മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ  സുബൈദ കഴിഞ്ഞ ദിവസം പ്രദേശിക ചാനലിലൂടെയാണ്   നേതൃത്വത്തിൽ നിന്ന‌് തനിക്ക‌് നേരിടേണ്ടിവന്ന പീഡനം തുറന്ന് പറഞ്ഞത്.
 2016-ൽ നടന്ന വീടാക്രമണ കേസ് പിൻവലിക്കാൻ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കൾ സമ്മർദ്ദം ചെലുത്തുകയും പിന്നീട‌് ഭീഷണിപ്പെടുത്തി വെള്ള കടലാസിൽ ഒപ്പുവാങ്ങിയെന്നുമാണ‌്  അവർ ചാനലിലൂടെ വിശദീകരിച്ചത്.
തന്നെയും കുടുംബത്തേയും ആക്രമിച്ച ഷഫീഖ് അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാനായിരുന്നു സമ്മർദം. കേസ് പിൻവലിച്ചില്ലെങ്കിൽ രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തെ ബാധിക്കുമെന്ന ന്യായമാണ് നേതൃത്വം ആദ്യം നിരത്തിയത‌്. അക്രമണത്തിന് നേതൃത്വം കൊടുത്ത പ്രവാസിയായ ഷഫീഖ് നാട്ടിൽ വന്ന് ക്ഷമാപണം നടത്താത്ത കാലത്തോളം കേസ് പിൻവലിക്കില്ലെന്നും  മുന്നോട്ടു പോവാൻ തന്നെയാണ് തീരുമാനമെന്നും മറുപടി കൊടുത്ത ശേഷമായിരുന്നു ഭീഷണിയെന്നും  സുബൈദ വിശദീകരിച്ചു.  നേതൃത്വത്തിന്റെ ഭീഷണിക്കും പീഡനത്തിനുമെതിരെ കെപിസിസി ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനാണ്  തീരുമാനം.
പ്രധാന വാർത്തകൾ
 Top