25 July Sunday

പയ്യാമ്പലത്ത്‌ കോർപറേഷൻ 
മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
കണ്ണൂർ 
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ പയ്യാമ്പലം കടൽതീരത്ത് നിക്ഷേപിച്ച്‌ കണ്ണൂർ കോർപറേഷൻ. പയ്യാമ്പലത്ത്‌ സംസ്‌കരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ കുഴിയെടുത്താണ് നിക്ഷേപിച്ചത്. തിരയടിച്ച്‌ തീരം കടലെടുത്തപ്പോഴാണ് അസ്ഥിക്കഷ്ണങ്ങളും ചാരവുമടക്കമുള്ള അവശിഷ്ടങ്ങൾ പുറത്തേക്കുവന്നത്. 
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പയ്യാമ്പലത്തേക്ക് സഞ്ചാരികളെത്താത്ത സാഹചര്യം മുതലെടുത്താണ് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടത്. തീരത്തുനിന്ന് മണലെടുത്ത്  മൃതദേഹം സംസ്‌കരിക്കുന്നിടത്ത് നിക്ഷേപിച്ചിട്ടുമുണ്ട്. സംഭവത്തിൽ കേർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐആർപിസി ചെയർമാൻ പി എം സാജിദ് കലക്ടർക്ക് പരാതി നൽകി. 
ഒരു മാസമായി കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം പയ്യാമ്പലത്ത് നടക്കുന്നത്. അശാസ്ത്രീയമായ രീതിയിലാണ്  മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. 
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന  നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു വർഷത്തോളം ഒരു പരാതിയുമില്ലാതെ മാതൃകാപരമായാണ് ഐആർപി സി പയ്യാമ്പലത്ത് മൃതദേഹങ്ങൾ സംസ്കരിച്ചത്.  പയ്യാമ്പലത്ത് ഐആർപിസിയുടെ സന്നദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയെന്ന കോർപ്പറേഷന്റെ രാഷ്ട്രീയ താൽപര്യം നടപ്പാക്കാനാണ് മൃതദേഹം സംസ്കരിക്കുന്നത് ഏറ്റെടുത്തത്. 
 കോർപ്പറേഷൻ നേതൃത്വത്തിലുള്ള ശ്‌മശാനത്തിൽ  മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് തുടർക്കഥയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച തിലാന്നൂർ സ്വദേശി അമ്പാടിയുടെ മൃതദേഹം സംസ്കാരം നടത്താൻ തയ്യാറാകാതിരുന്ന സംഭവത്തിൽ  കോർപ്പറേഷനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മുഴുവനായി സംസ്‌കരിക്കാതെ അവശിഷ്ടങ്ങൾ ശ്മശാനത്തിൽ കണ്ടെത്തിയതും വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top