18 July Thursday

മൂന്ന്‌ റെയിൽവേ മേൽപ്പാലങ്ങൾക്ക‌് അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

മാമ്പ്രക്കന്നേൽ ലെവൽക്രോസിലെ വാഹനത്തിരക്ക്‌

ആലപ്പുഴ
ജില്ലയിൽ മൂന്ന‌് റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാൻ കേരള റെയിൽ ഡെവലപ്പ‌്മെന്റ‌് കോർപറേഷന‌് സർക്കാർ അനുമതി. അമ്പലപ്പുഴ–-ഹരിപ്പാട‌് സ‌്റ്റേഷനുകൾക്കിടയിൽ നങ്ങ്യാർകുളങ്ങര, കായംകുളം–-ഓച്ചിറ മാമ്പ്രക്കന്നേൽ, കായംകുളം–-ചേപ്പാട‌് കാക്കനാട‌് മേൽപ്പാലങ്ങളുടെ നിർമാണത്തിനാണ‌് അനുമതിയായത‌്.
മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാലം സംസ്ഥാന സർക്കാർ കിഫ്ബിവഴി അനുവദിച്ച 31.36 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുക. പാലവും അപ്രോച്ച് റോഡും കടന്നുപോകുന്ന സ്ഥലം അതിർത്തി തിരിച്ച് കല്ലുകൾ സ്ഥാപിച്ചു.  കേരളാ റെയിൽ ഡെവലപ‌്മെന്റ് കോർപറേഷനാണ‌് നിർമാണ ചുമതല. 202 സെന്റ‌് സ്ഥലമാണ് പാലത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്നത്. 
സ്ഥലം ഏറ്റെടുപ്പിന‌് റവന്യൂവകുപ്പ് ഭരണാനുമതി നൽകി. സ്ഥലമെടുപ്പ് ഓഫീസറെ നിയമിക്കുന്നതിനും നടപടിയായി. തുടർന്ന‌് പദ്ധതി ടെൻഡർചെയ‌്ത‌് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. തിരക്കേറിയ മാമ്പ്രക്കുന്നേൽ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യത്തിന‌് ഏറെ പഴക്കമുണ്ട‌്. ദേശീയപാതയേയും കെപി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനാൽ ഗതാഗതക്കുരുക്ക‌് രൂക്ഷമാണ‌്. മേൽപ്പാലം വരുന്നതോടെ ഇതിന് പരിഹാരമാകും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ‌് മേൽപ്പാലം നിർമാണത്തിന‌് നടപടി സ്വീകരിച്ചത‌്. മന്ത്രി ജി സുധാകരന്റെയും യു പ്രതിഭ എംഎൽഎയുടെ ഇടപെടലിലാണ‌് പദ്ധതി യാഥാർഥ്യമാകുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top