23 July Tuesday

ജില്ലയിൽ 2 സർക്കാർ രക്തബാങ്കുകൾ കൂടി

സ്വന്തംലേഖകൻUpdated: Friday Jun 14, 2019
 
ആലപ്പുഴ
ജില്ലയിലെ രണ്ട‌് സർക്കാർ ആശുപത്രികളിലുംകൂടി രക്തബാങ്ക‌് വരുന്നു. ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ‌് പുതുതായി രക്തബാങ്കുകൾ സ്ഥാപിക്കുക. വണ്ടാനം മെഡിക്കൽ കോളേജ‌്, ആലപ്പുഴ അമ്മാരുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലായി ജില്ലയിൽ നിലവിൽ  രണ്ട് സർക്കാർ രക്തബാങ്കുകളാണുള്ളത‌്. 
 സ്വകാര്യമേഖലയിൽ അഞ്ചു രക്തബാങ്കുകളുണ്ട‌്. സർക്കാർ മേഖലയിൽ രക്തബാങ്കുകളുടെ കുറവു നികത്താനാണ‌് പുതിയവ തുടങ്ങുന്നത‌്. ഈ വർഷംതന്നെ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന‌് ബ്ലഡ‌് ട്രാന്‍സ‌്ഫ്യൂഷൻ സർവീസ‌് ജില്ലാ നോഡൽ ഓഫീസർ ഡോ. മനീഷ‌് നായർ പറഞ്ഞു. 
മാവേലിക്കര ആശുപത്രിയിൽ രക്തബാങ്ക‌് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ‌്. യന്ത്രസാമഗ്രികൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. മുറിയും സജ്ജമാണ്. 
സെൻട്രൽ ഡ്രഗ‌് സ‌്റ്റാൻഡേർഡ‌് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ‌്സിഒ) ലൈസൻസ‌് കൂടി ലഭിച്ചാൽ പ്രവർത്തനം തുടങ്ങും. ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കുള്ള യന്ത്രസാമഗ്രികളും എത്തിക്കഴിഞ്ഞു. മുറിയൊരുക്കുന്ന പ്രവൃത്തിയാണ‌് ശേഷിക്കുന്നത‌്.  
ജില്ലയിൽ ഏഴു രക്തബാങ്കുകൾ ഉണ്ടെങ്കിലും രക്തഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന സംവിധാനം (ബ്ലഡ‌് കംപോണൻസ‌് സെപറേഷൻ–-ബിസിഎസ‌്) മെഡിക്കൽ കോളേജ‌്, ചെങ്ങന്നൂർ സഞ്ജീവനി, മാവേലിക്കര വിഎസ‌്എം എന്നീ ആശുപത്രികളിൽ മാത്രമാണുള്ളത‌്. 
ഡെങ്കിപ്പനി ബാധിതർക്ക‌് പ്ലേയ‌്റ്റ‌്‌ലെറ്റ‌് കൗണ്ട‌് കുറയുന്നത‌് മരണത്തിന‌് വരെ കാരണമാകുന്നതിനാൽ ബിസിഎസ‌് സംവിധാനങ്ങളുള്ള കൂടുതൽ രക്തബാങ്കുകൾ അനിവാര്യമാണെന്ന‌് ഡോക‌്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ആലപ്പുഴ നഗരത്തിലും വടക്കൻ മേഖലയലുമുള്ളവർക്ക‌് ഏക ആശ്രയം മെഡിക്കൽ കോളേജാണ‌്. ഇതിനു പരിഹാരമായി ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന രക്തബാങ്കിൽ ബിസിഎസ‌് സംവിധാനവും സർക്കാർ ഒരുക്കും.
53 സ‌്കൂളുകളിൽ റെഡ‌് റിബൺ ക്ലബ്
രക്തദാന ബോധവൽക്കരണത്തിനും പ്രചാരണത്തിനുമായി ജില്ലയിലെ 53 സ‌്കൂളുകളിൽ ‘റെഡ‌് റിബൺ’ ക്ലബുകൾ ഈ അധ്യയനവർഷം ആരംഭിക്കും. ദേശീയ എയ്ഡ‌്സ‌് കൺട്രോൾ ഓർഗനൈസേഷന്റെ (എൻഎസിഒ) സാമ്പത്തിക സഹായത്തോടെയാണ‌് ഇവ തുടങ്ങുക. രക്തം ദാനം ചെയ്യാന്‍ 18 വയസ് തികയണമെന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ  ക്കുറിച്ച‌് അവബോധം സ‌ൃഷ‌്ടിക്കാനാണ‌് ക്ലബുകൾ. ബോധവല്‍ക്കരണത്തിനു പുറമെ ക്ലബുകൾ പ്രദേശവാസികളെ സംഘടിപ്പിച്ച‌് രക്തദാന ക്യാമ്പും സംഘടിപ്പിക്കും.  
രക്തദാനദിനം: ജില്ലാ ഉദ‌്ഘാടനം ചേർത്തലയിൽ
ആലപ്പുഴ
ലോക രക്തദാന ദിനത്തിന്റെ ജില്ലാതല ഉദ‌്ഘാടനം വെള്ളിയാഴ‌്ച ചേർത്തല നൈപുണ്യ ഇൻസ‌്റ്റിറ്ററ്യൂട്ട‌് ഓഫ‌് മാനേജ‌്മെന്റിൽ നടക്കുമെന്ന‌്  ഡെപ്യൂട്ടി  ഡിഎംഒ ഡോ. അനുവർഗീസ‌് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന‌് മുനിസിപ്പൽ ചെയർമാൻ പി ഉണ്ണിക‌ൃഷ‌്ണൻ ഉദ‌്ഘാടനംചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി മുഖ്യാതിഥിയാകും. നൈപുണ്യയയിലെ കുട്ടികൾ രക്തദാനത്തെക്കുറിച്ച‌് തയ്യാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. സ്ഥാപനത്തിലെ 30 വിദ്യാർഥികൾ രക്തം ദാനം ചെയ്യും.
പ്രധാന വാർത്തകൾ
 Top