24 May Tuesday
മന്ത്രിമാർ പങ്കെടുത്ത്‌ ഉദ്യോഗസ്ഥരുടെ യോഗം

നെല്ല് സംഭരിക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിലെ വിളവെടുപ്പ് കഴിഞ്ഞ് സംഭരിക്കാന്‍ കഴിയാതെ നെല്ലു കെട്ടികിടക്കുന്ന കുറത്തേരി പാടശേഖരം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ സന്ദര്‍ശിക്കുന്നു

ചങ്ങനാശേരി
കൊയ്ത്ത് കഴിഞ്ഞ് പാടശേഖരത്തിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ചങ്ങനാശേരി ടിബിയിൽ നടന്ന യോഗത്തിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി താലൂക്കിലെ വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ വെള്ളിയാഴ്‌ച മന്ത്രി ജി ആർ അനിൽ സന്ദർശനം നടത്തിയത്. കർഷകരുടെ പരാതി നേരിട്ട് കേട്ട ശേഷമാണ് മന്ത്രി  ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. മില്ലുടമകളുടെ പ്രശ്‌നങ്ങൾക്കും പരിഹാരംകണ്ട്‌ പാടശേഖരങ്ങളിലെ മുഴുവൻ നെല്ലും സംഭരിക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. നെല്ല് സംഭരിക്കാമെന്ന് മില്ലുടമകൾ സമ്മതിച്ചു. 52 മില്ലുകളുമായാണ് സർക്കാർ കരാർ ഉള്ളത്. ഏജന്റുമാരെ മാറ്റി നിർത്തി ന്യായമായ കിഴിവ് മാത്രമേ ആവശ്യപ്പെടാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്. 
സർക്കാർ കർഷകർക്ക് ഒപ്പമാണെന്നും മന്ത്രിമാർ അറിയിച്ചു. അഡ്വ.  ജോബ് മൈക്കിൾ എംഎൽഎ, സപ്ലൈകോ സിഎംഡി സഞ്ജീവ് കുമാർ ഭട്ട്‌ ജോഷി,സപ്ലൈകോ സംസ്ഥാന ചുമതലയുള്ള സുനിൽ, ആലപ്പു ,കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാഡി ഓഫീസർമാർ എന്നിവർ  പങ്കെടുത്തു.
നെല്ല് സംഭരണത്തിൽ നിന്നും മില്ലുടമകളും ഏജന്റുമാരും വിട്ടുനിൽക്കുന്നതായുള്ള കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരിയിലെ വിവിധപാടശേഖരങ്ങളിൽ മന്ത്രി സന്ദർശനം നടത്തിയത്. അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. കുറിച്ചി പഞ്ചായത്തിലെ കക്കുഴിയിലും വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി പാടശേഖരത്തിൽപ്പെടുന്ന കുറത്തേരിയിലുമാണ് സന്ദർശനം നടത്തിയത്‌. നെൽ കർഷകരുടെ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുമെന്ന് മന്ത്രി ജി ആർ  അനിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top