ഇടുക്കി
സർക്കാർ വാർഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ ഇതുവരെ സന്ദർശിച്ചത് ആയിരങ്ങൾ. പ്രതികൂല കാലാവസ്ഥയിലും വിദ്യാർഥികളടക്കം നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. നാടിന്റെ വികാസ പരിണാമ ഘട്ടങ്ങളും ചരിത്ര നാൾവഴികളും കോർത്തിണക്കി ഇൻഫർമേഷൻ വകുപ്പ് ഒരുക്കിയിട്ടുള്ള പ്രദർശനങ്ങളും ഡോക്യുമെന്ററികളും വിജ്ഞാനവും വിനോദവും പകരുന്നുണ്ട്.
ചിത്രങ്ങൾക്കരികിലെ കുറിപ്പ് വായിക്കാനും സെൽഫിയെടുക്കാനും ആരും മറക്കുന്നില്ല. കേരളത്തിന്റെ വളർച്ചയുടെ പരിണാമ ദശകങ്ങൾ ഏറെ ശ്രദ്ധേയമാണ്. വിവിധ മേഖലകളിൽ കേരളം കണ്ട സർവതലസ്പർശിയായ മാറ്റങ്ങളിലൂടെയുള്ള പ്രദക്ഷിണം ചരിത്ര വിദ്യാർഥികൾക്കും മുതൽക്കൂട്ടാണ്.
അറിയാം മലയാള മണ്ണിനെ...
സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ പ്രദർശനത്തിന്റെ മുഖമുദ്രയാണ്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ മുന്നേറ്റങ്ങൾ, വയോജന സംരക്ഷണം, സാക്ഷരതാ പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം, ഹരിത കേരളം, ആരോഗ്യ കേരളം, നൈപുണ്യവികസനം, സ്റ്റാർട്ട് അപ്പുകൾ, കിഫ് ബി, കേരള പുനർനിർമാണം തുടങ്ങി മലയാളി സമൂഹത്തിന്റെ വികാസപരിണാമങ്ങൾക്ക് പുറമെ സാംസ്കാരിക ചരിത്രവും ഉൾപ്പെടുന്ന പ്രദർശനം പുതിയ അനുഭവം പകരുന്നുണ്ട്. നവോഥാന ഘട്ടങ്ങളിലൂടെ വികസിച്ച നാടിന്റെ ചരിത്രവും പ്രദർശനത്തിലുണ്ട്. കല്ലുമാല സമരം, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, ചാന്നാർ ലഹള, മുക്കുത്തി വിളംബരം, അയ്യങ്കാളി വില്ലുവണ്ടി വിളംബര സമരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രദർശനവും ഡോക്യമെന്ററികളും കാണാൻ വൻതിരക്കാണ്. കൂടാതെ മലയാള ഭാഷാ വികാസഘട്ട ചരിത്രവും വേറിട്ട അനുഭവം സമ്മാനിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..