24 May Tuesday

ഒഴിയണം ദുരന്തം: വേണം ജാഗ്രത

സ്വന്തം ലേഖികUpdated: Saturday May 14, 2022
കൊല്ലം
ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് കുറയുന്ന സാഹചര്യമുള്ളതിനാൽ കിണർ ദുരന്തങ്ങളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞാഴ്ച വെള്ളിമണിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ്‌ തൊഴിലാളി ഗിരീഷ്‌കുമാറും കഴിഞ്ഞദിവസം കൊട്ടിയം തഴുത്തലയിൽ ആഴംകുട്ടുന്ന ജോലിക്കിടെ സുധീറും മരിച്ച സാഹചര്യത്തിലാണ്‌ ജാഗ്രതാ നിർദേശം. കഴിഞ്ഞ വർഷം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ 100 അടിയോളം താഴ്ചയുള്ള കിണറ്റിൽനിന്ന് ചെളി വാരുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച്‌ നാലു തൊഴിലാളികളുടെ ജീവനാണ്‌ പൊലിഞ്ഞത്‌. കിണർ നിർമാണം ഡിസംബറിൽ തുടങ്ങി മെയ്‌ മാസത്തിനുമുമ്പ്‌ പൂർത്തിയാക്കണം. വേനൽ മഴ ശക്തമായതിനെ തുടർന്ന്‌ മണ്ണ്‌ കുതിർന്ന്‌ ദുർബലമായ സാഹചര്യമാണ്‌ ജില്ലയിലുള്ളത്‌. ഇത്‌ മണ്ണിടിച്ചിലിനു കാരണമാകും. പ്രദേശത്തെ മണൽ ഘടന വ്യക്തമായി അറിഞ്ഞശേഷം മാത്രമേ ജോലികൾ തുടങ്ങാകു. സമീപത്തെ കിണറുകൾ കൂടി നിരീക്ഷിക്കുന്നത്‌ ഉചിതമാണെന്ന്‌ ഭൂഗർഭ ജലവകുപ്പ്‌ അധികൃതർ പറയുന്നു. പഴക്കമുള്ള കിണറുകൾ കൂടുതൽ ആഴം കൂട്ടുമ്പോൾ മുകൾഭാഗത്ത് വിള്ളൽ ഉണ്ടായി മണ്ണിടിയാം. കാലപ്പഴക്കത്തിൽ കോൺക്രീറ്റ് റിങ്ങുകളും പൊടിഞ്ഞ് മണ്ണിടിച്ചിലുണ്ടാകും. പാറയുള്ള പ്രദേശങ്ങളിൽ കിണർ വെട്ടുമ്പോൾ പലപ്പോഴും തോട്ട ഉപയോഗിക്കാറുണ്ട്‌. ഇത്തരം പ്രദേശങ്ങളിൽ  ഇളക്കമുള്ള മേൽമണ്ണായിരിക്കും കാണുക. തോട്ട പൊട്ടിക്കുന്ന കിണറ്റിലിറങ്ങുന്നത്‌ വൻ അപകടത്തിനിടയാക്കും. വിഷവായുവിന്റെ സാന്നിധ്യവും അപകടം സൃഷ്ടിക്കും.
 
കിണർത്തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കണം: 
സിഐടിയു
കൊല്ലം
ജോലിക്കിടെ കിണർ ഇടിഞ്ഞുതാഴ്ന്നുള്ള അപകടങ്ങൾ ആവർത്തിക്കപ്പെടുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിൽവകുപ്പും തദ്ദേശ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെടണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇത്തരം ജോലികളിൽ ഏർപ്പെടുന്നതിൽനിന്ന്‌ തൊഴിലാളികൾ സ്വയം മുൻകരുതൽ സ്വീകരിക്കണം. സോയിൽ പൈപ്പ്‌ ലൈൻ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ദുരന്തങ്ങൾക്കു പിന്നിലുണ്ടോയെന്ന വ്യാപകമായ ആശങ്ക മണ്ണ് സംരക്ഷണ വകുപ്പിനെക്കൂടി ഉൾപ്പെടുത്തി ജില്ലാ ഭരണകേന്ദ്രം പരിശോധിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയുംചെയ്യണം. 
കിണർ റീചാർജിങ്‌ ഉൾപ്പെടെ സ്വാഭാവിക ഭൂഗർഭജലം ഉറപ്പുവരുത്താനുള്ള പദ്ധതികൾ നടപ്പാക്കണം. നിലവിൽ അപകടങ്ങളിൽപ്പെട്ട തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും മതിയായ ചികിത്സാ സൗകര്യവും സഹായധനവും കാലതാമസമില്ലാതെ ഉറപ്പുവരുത്തണം. ഇത്തരം ദുർഘടമായ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസും ചികിത്സാ സൗകര്യവും ഉൾപ്പെടുത്താൻ സിഐടിയു തൊഴിൽമന്ത്രിക്കും അധികൃതർക്കും നിവേദനം നൽകുമെന്ന് ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, സെക്രട്ടറി എസ് ജയമോഹൻ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top