17 October Thursday

ആറ്റുകാൽ സ്വീവേജ് സംവിധാനം: പ്രവർത്തനം പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
തിരുവനന്തപുരം 
ആറ്റുകാൽ പ്രദേശത്ത് സ്വീവേജ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനം പുനരാരംഭിക്കാൻ മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വർഷങ്ങൾക്കുമുമ്പാണ‌് ആറ്റുകാൽ, കാലടി, അമ്പലത്തറ, കളിപ്പാംകുളം, നെടുങ്കാട് എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി സ്വീവേജ് സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തത്. ഇതിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി മിക്കവാറും പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായില്ല. കാലടി, കാലടി സൗത്ത്, ആറ്റുകാൽ, കല്ലടിമുഖം എന്നിവിടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും സ്വീവേജ് ലൈനും സ്ഥാപിച്ച് മുട്ടത്തറ എസ‌്ടിപി പ്ലാന്റുമായി ബന്ധിപ്പിക്കുന്നതാണ് ആറ്റുകാൽ സ്വീവേജ് പദ്ധതി. 
 
പ്രോജക്ടിന്റെ ഭാഗയമായുള്ള പമ്പ് ഹൗസ് സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനൽകാമെന്ന് ആറ്റുകാൽ ടെമ്പിൾ ട്രസ്റ്റ് നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയം ആറ്റുകാൽടെമ്പിൾ ട്രസ്റ്റിന്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്  ഭാരവാഹികൾ ഉറപ്പുനൽകി. പദ്ധതിയുടെ വിശദപ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടി ആരംഭിക്കാൻ  കേരള വാട്ടർ അതോറിറ്റിക്ക‌് നിർദേശം നൽകി. പദ്ധതിക്കായി നഗരസഭ ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളുടെ സർവേയും ഡീമാർക്കേഷനും നടത്താൻ റവന്യൂ വകുപ്പിന് കത്ത് നൽകാൻ  തീരുമാനിക്കുകയും നടപടികൾ പൂർത്തിയാക്കാൻ  നഗരസഭ എൻജിനിയറിങ‌് വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. സർവേ നടപടികൾ 20 രാവിലെ 10ന‌് ആരംഭിക്കുാനും സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കാനും നിർദേശം നൽകി. 
 
യോഗത്തിൽ മരാമത്ത്കാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ എസ‌്‌ പുഷ്പലത, ടൗൺ പ്ലാനിങ‌് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, നഗരസഭ സെക്രട്ടറി എൽ എസ‌്‌ ദീപ, ഡെപ്യൂട്ടി തഹസിൽദാർ എസ‌്‌ രാജശേഖരൻ, ഡെപ്യൂട്ടി തഹസിൽദാർ ലാൻഡ‌് അക്യുസിഷൻ എ സൈബു തുടങ്ങിയവർ  പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top