23 August Friday
ആലപ്പുഴ നഗരസഭാധ്യക്ഷപദവി

തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷം

സ്വന്തം ലേഖകൻUpdated: Tuesday May 14, 2019

ആലപ്പുഴ

തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ നഗരസഭാധ്യക്ഷ പദവിയെ ചൊല്ലിയുള്ള കോൺഗ്രസ‌ിലെ പ്രതിസന്ധി രൂക്ഷമായി. തോമസ് ജോസഫിനെ സ്ഥാനത്തുനിന്ന‌് നീക്കിയാൽ രാജിവയ‌്ക്കുമെന്ന ഭീഷണിയുയർത്തിയ നാല‌് വനിതാ കൗൺസിലർമാർ നിലപാട് കടുപ്പിച്ചതാണ് മുൻധാരണ പ്രകാരമുള്ള സ്ഥാനമാറ്റം പ്രതിസന്ധിയിലാക്കിയത്. 

രാജിഭീഷണി മുഴക്കിയ കൗൺസിലർമാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാമെന്നും നഗരസഭാധ്യക്ഷ സ്ഥാനം നൽകാമെന്നും കെപിസിസി നേതാക്കളടക്കം ഉറപ്പുനൽകിയതിനാലാണ‌് ഇല്ലിക്കൽ കുഞ്ഞുമോൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായത്. എന്നാൽ തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ രാജിഭീഷണി മുഴക്കിയ കൗൺസിലർമാർ നിലപാട് കൂടുതൽ കടുപ്പിക്കുകയാണുണ്ടായത‌്. കുഞ്ഞുമോന‌് നൽകിയ ഉറപ്പുകൾ പാലിക്കാൻ നേത‌ൃത്വം തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക‌്തമാണ‌്.

സ‌്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങളും നഗരസഭാ ഉപാധ്യക്ഷസ്ഥാനവും ഘടകകക്ഷികൾ രണ്ടരവർഷംവീതം പങ്കുവയ‌്ക്കണമെന്നായിരുന്നു യുഡിഎഫ് ധാരണ. ഇതനുസരിച്ച് നഗരസഭാ ഉപാധ്യക്ഷസ്ഥാനം ലീഗ് രാജിവച്ചു. എന്നാൽ സ‌്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനമൊഴിയാൻ കോൺഗ്രസ് കൗൺസിലർമാർ തയ്യാറായില്ല. ഒടുവിൽ ആരോഗ്യസ‌്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ബി മെഹബൂബിനെതിരെ കോൺഗ്രസ‌്തന്നെ അവിശ്വാസ നോട്ടീസ് നൽകുകയായിരുന്നു. 

ഇതോടെ വിഷയം കൂടുതൽ കലുഷിതമായി. സ‌്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനവും കോൺഗ്രസ് പ്രാഥമികാംഗത്വവും രാജിവച്ച മെഹബൂബ് സ്വതന്ത്രനായി മത്സരിച്ച‌് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി. മെഹബൂബിന്റെ വിജയത്തോടെ കോൺഗ്രസ് കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാൻ സ്ഥാനത്തിനുള്ള ആവശ്യം ശക‌്തമാക്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ‌് സ്ഥാനം രാജിവച്ച കുഞ്ഞുമോൻ ചെയർമാൻ സ്ഥാനം ലഭിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവയ‌്ക്കുമെന്നും ഭീഷണി മുഴക്കി. എന്നാൽ നഗരസഭാധ്യക്ഷസ്ഥാനം രാജിവയ‌്ക്കാൻ തോമസ് ജോസഫ‌് തയ്യാറായില്ല. നഗരസഭാധ്യക്ഷ സ്ഥാനം പങ്കുവയ‌്ക്കാൻ ധാരണയില്ലെന്നായിരുന്നു തോമസ് ജോസഫിന്റെ നിലപാട്. ചെയർമാനെ മാറ്റിയാൽ രാജിവയ‌്ക്കുമെന്ന് നാല‌് കൗൺസിലർമാരെക്കൊണ്ട് നിലപാടെടുപ്പിച്ചശേഷമാണ് തോമസ് ജോസഫ് രാജി സന്നദ്ധതയറിയിച്ചത്.

52 അംഗ കൗൺസിലിൽ കോൺഗ്രസ്–- 20, ലീഗ്–- -നാല‌്, കേരള കോൺഗ്രസ് (എം) –- ഒന്ന‌് എന്നിങ്ങനെ 25 സീറ്റാണ‌് യുഡിഎഫിനുള്ളത‌്. കോൺഗ്രസിലെ നാല് കൗൺസിലർമാർ രാജിവച്ചാൽ യുഡിഎഫിന് ഭരണം നഷ‌്ടപ്പെടും.

പ്രധാന വാർത്തകൾ
 Top