21 July Sunday

പുതുതരംഗം സൃഷ്ടിച്ച‌് പാലാ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 പാലാ

ആയിരം വാസവന്മാർ ഒന്നിച്ചണിനിരന്നു. റോഡ്ഷോയിൽ പ്രകമ്പനംകൊണ്ട് പാലാ നഗരം. കാത്തുനിന്ന് ജനസാഗരം നൽകിയ കിടുക്കൻ സ്വീകരണം. ഒപ്പം നിന്ന് സെൽഫിയെടുത്ത് ന്യൂ ജെൻ ചങ്ക്സ്. പച്ചക്കറികളും പഴങ്ങളും പൂക്കളും നൽകി ഹൃദയത്തിലിരിപ്പിടം നൽകി കർഷക മനസ്സുകൾ. വീട്ടിൽനിന്നിറങ്ങി പാതയോരത്തെത്തി കൈവീശി പിന്തുണ അറിയിച്ച് വീട്ടമ്മമാർ. ആനയും അമ്പാരിയുമായി മേളക്കൊഴുപ്പോടെ സ്ഥാനാർഥിയെ സ്വീകരിച്ചാനയിച്ച് ജനസഞ്ചയം. എങ്ങും ആവേശക്കാഴ്ചകൾ. മലമടക്കുകളിൽ വിജയാരവം മുഴക്കിയായിരുന്നു വി എൻ വാസവന്റെ പടയോട്ടം. 
എലിക്കുളം പഞ്ചായത്തിലെ മല്ലികശേരിയിൽ നിന്നാണ് കോട്ടയം ലോക‌്‌സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ ശനിയാഴ്ചത്തെ സ്വീകരണ പര്യടനം തുടങ്ങിയത്. എൽഡിഎഫ‌് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തിന്റെ താളത്തിൽ കുംഭകുടം ചുവടുവച്ചപ്പോൾ പ്രദേശം ജനനിബിഡമായി. സ്ഥാനാർഥിയെ എതിരേറ്റ് നാസിക് ഡോളിന്റെ മേളം. പിന്നാലെ യുവാക്കളുടെ ഉശിരൻ മുദ്രാവാക്യംവിളി. വാസവന്റെ വരവറിയിച്ച് അനൗൺസ്മെന്റ് വാഹനവും പിന്നാലെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും പാലാമണ്ഡലത്തിന്റെ കർഷക ഭൂമിയിലൂടെ ഇരച്ചുകയറി. 
പൈക ആശുപത്രി പടിക്കലേക്ക് പര്യടനവ്യൂഹം കടന്നുവരുമ്പോൾ ആനയും അമ്പാരിയുമായി പ്രവർത്തകർ റോഡ‌് നിറഞ്ഞു. മനസ്സിൽ നിറഞ്ഞ ആവേശത്തിൽ തുറന്ന ജീപ്പിൽ നിന്നിറങ്ങിയ വാസവനൊപ്പം പ്രവർത്തകർ മഹാപ്രവാഹമായി സ്വീകരണ കേന്ദ്രത്തിലെത്തി. വർണക്കുടകളും ചുവന്ന ബലൂണും വാദ്യമേളങ്ങളും  ഉത്സവ പ്രതീതി സൃഷ്ടിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നാസിക് ഡോളിന്റെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയിൽ സ്വീകരണകേന്ദ്രത്തിലേക്ക്. ഹോട്ടൽ വ്യാപാരി ഈറ്റോലിൽ വാസുചേട്ടൻ വിഷുക്കണി ഒരുക്കിയ താലം നൽകി വാസവനെ വരവേറ്റു. തുടർന്ന് പൗരാവലിയുടെ സ്വീകരണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വാസവന് വിജയാശംസയുമായി എത്തി.
മഞ്ചക്കുഴിയിൽ എത്തിയപ്പോൾ ആദ്യകാല പാർടി പ്രവർത്തകൻ ആർ കെ മഞ്ചക്കുഴി സ്ഥാനാർഥിയെ രക‌്തഹാരം അണിയിച്ചു. കാരടിയിൽ വൻ സ്ത്രീ പങ്കാളിത്തം. സെൽഫിയെടുത്തും മൊബൈലിൽ ചിത്രം പകർത്തിയും പെൺകുട്ടികളടക്കം ഹൃദയപക്ഷം ചേർന്നു. ഇളനീരും പഴക്കുലയും പഴവർഗങ്ങളും പൂക്കളും നൽകിയായിരുന്നു ഓരോ കേന്ദ്രത്തിലും സ്വീകരണം. കൊഴുവനാൽ, മുത്തോലി എൽസി എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമായിരുന്നു.
കരൂർ ലോക്കൽ കമ്മിറ്റി പ്രദേശത്തേക്ക് പ്രവേശിക്കുന്ന പൈങ്ങളത്ത് പഴക്കുല നൽകി വരവേറ്റു. നെല്ലാനിക്കാട്ടു പാറയിൽ വഴിയരികിൽ കാത്തുനിന്ന തൊഴിലുറപ്പ‌് തൊഴിലാളികൾ സ്വീകരിച്ചു. പാലാ ലോക്കലിലേക്ക് എത്തിയ സ്ഥാനാർഥിയെ ഇടതുകോട്ടയായ ഊരാശാലയിൽ സ്ത്രീകളടക്കം എതിരേറ്റു. കടപ്പാട്ടൂർ അമ്പലം ജങ്ഷനിൽ വിഷുക്കണി താലം നൽകിയാണ് വരവേറ്റത്.
പാലാ നഗരത്തിലേക്ക് എത്തുമ്പോൾ റോഡ് ഷോയ്ക്കുള്ള തയ്യാറെടുപ്പുമായി ആയിരങ്ങൾ കാത്തുനിന്നു. നഗരത്തെ ഇളക്കിമറിച്ച് വാസവന്റെ പര്യടനം പാലായിൽ പുതുതരംഗമായി.
എൽഡിഎഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, മാണി സി കാപ്പൻ, ബാബു കെ ജോർജ്, ആർ ടി മധുസൂദനൻ, ടി വി ബേബി, തോമസ് കുന്നപ്പള്ളി, പി എം ജോസഫ്, പീറ്റർ പന്തലാനി, സിബി തോട്ടുപുറം, സണ്ണി ഡേവിഡ്, ജോസ് കുറ്റിയാനിമറ്റം, എസ് ഷാജി, ടി ആർ വേണുഗോപാൽ, വി ജി സലി, കെ കെ ഗിരീഷ്, പുഷ്പചന്ദ്രൻ തുടങ്ങിയവർ പര്യടനപരിപാടികൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടന യോഗത്തിൽ പി വി ഗിരി അധ്യക്ഷനായി. എസ് ഷാജി സ്വാഗതം പറഞ്ഞു. വി ജി വിജയകുമാർ, അനിൽ മത്തായി, ഷാർളി മാത്യു, പയസ് രാമപുരം, എൻ ജി ശേഖരൻ,  വി എൽ സെബാസ്റ്റിയൻ, ഡോ. സിന്ധുമോൾ ജേക്കബ്, അഡ്വ. പി എസ് സുനിൽ,  ടി എസ് സുരേഷ്, കെ പി റെജി, പി കെ ഷാജകുമാർ, അഡ്വ. വി ടി തോമസ്, ജോയി കുഴിപ്പാല, ബെന്നി മൈലാടൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top