കാസർകോട്
ജില്ലയിലെ കായിക രംഗത്തിന് കുതിപ്പേകി നിരവധി പദ്ധതികൾ. ഏറ്റവും വലിയ സ്റ്റേഡിയമായ നീലേശ്വരത്തെ ഇ എം എസ് സ്റ്റേഡിയം ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും. 17 കോടി രൂപ ചെലവിൽ കിഫ്ബി മുഖേനയാണ് നിർമിച്ചത്. 400 മീറ്റർ സ്റ്റേഡിയം ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. വോളിബോൾ, സ്വിമ്മിങ് പൂൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്.
എംആർഎസ്
ഇൻഡോർ സ്റ്റേഡിയം
തൃക്കരിപ്പൂർ എംആർഎസ് ഇൻഡോർ സ്റ്റേഡിയം ടെൻഡർ പൂർത്തിയായി. 28 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകും.
കോളിയടുക്കത്ത്
ജില്ലാ സ്റ്റേഡിയം
കാസർകോട് വികസന പാക്കേജിൽ ചെമ്മനാട് പഞ്ചായത്തിലെ കൊളിയടുക്കത്ത് നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 13 കോടി രൂപ ചെലവിൽ 400 മീറ്റർ ട്രാക്കാണ് പ്രത്യേകത.
കൊടിയമ്മയിൽ
കബഡി അക്കാദമി
ദേശീയ തലത്തിൽ പ്രതിഭ തെളിയിച്ച കാസർകോടിന്റെ കബഡി താരങ്ങൾക്ക് അംഗീകാരമായി കുമ്പള കൊടിയമ്മയിൽ കബഡി അക്കാദമി ആരംഭിക്കും. കാസർകോട് വികസന പാക്കേജിൽ നിന്ന് 1.75 കോടി രൂപ വകയിരുത്തി നിർമിക്കുന്ന അക്കാദമിയുടെ തറക്കല്ലിടൽ ഈ മാസം.
ചായ്യോത്ത്
സ്പോർട്സ് ഡിവിഷൻ
ജില്ലയിലെ ആദ്യത്തെ സ്പോർട്സ് ഡിവിഷൻ ചായ്യോത്ത് മാർച്ചിൽ ഉദ്ഘാടനം ചെയ്യും. 7,8 ക്ലാസുകളിലെ 60 കുട്ടികൾക്കാണ് പ്രവേശനം. നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ പരിശീലനം നൽകും. ചായ്യോത്ത് ഹയർസെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച കെട്ടിടത്തിലെ ക്ലാസ് മുറികൾ ഉപയോഗിക്കും.
ഉദയഗിരിയിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്
ഉദയഗിരി ഹോസ്റ്റലിനോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലത്ത് സ്പോർട്സ് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ആരംഭിക്കും. കാസർകോട് വികസന പാക്കേജിൽ 3.60 കോടി രൂപ ചിലവഴിച്ചാണ് നിർമാണം. കബഡി, വോളിബോൾ ഇനങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയം നിർമിക്കും. ഈ മാസം തറക്കല്ലിടും.
വിദ്യാനഗറിൽ നീന്തൽ പരിശീലന കേന്ദ്രം
കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് എച്ച്എഎൽ സാമൂഹ്യ പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കും. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകും. പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കി നീന്താൻ അനുവദിക്കും.
താരങ്ങളെ
ചേർത്തുപിടിച്ചു
സന്തോഷ് ട്രോഫി താരം പിലിക്കോടെ കെ പി രാഹുലിന് കായിക വകുപ്പ് സ്വന്തമായി വീടും സർക്കാർ ജോലിയും നൽകി. ദേശീയ ഫുട്ബോൾ താരം നീലേശ്വരം ബങ്കളത്തെ ആര്യശ്രീക്ക് വീട് നിർമിച്ച് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..