24 January Friday
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലത്ത്‌ നാളെ ബഹുജനസംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
 
കൊല്ലം
ഭരണഘടനാ സംരക്ഷണസമിതി നേതൃത്വത്തിൽ ബുധനാഴ്‌ച കൊല്ലത്ത്‌ സംഘടിപ്പിക്കുന്ന ബഹുജനസംഗമത്തിന്‌ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. വൈകിട്ട് 4.30ന് കന്റോൺമെന്റ് മൈതാനത്ത്‌ ചേരുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന്‌ സംഘാടകസമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എംഎൽഎയും കൺവീനർ എസ് സുദേവനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു, ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ രാജേന്ദ്രൻ, കെഡിഎഫ് ചെയർമാൻ പി രാമഭദ്രൻ, മുൻമന്ത്രിമാരായ പി കെ ഗുരുദാസൻ, ആർ ബാലകൃഷ്ണപിള്ള, കെ സോമപ്രസാദ് എംപി, വിവിധ മതമേലധ്യക്ഷൻമാർ, രാഷ്ട്രീയ-–-സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും. 
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ഭേദഗതി നിയമമാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നതെന്ന്‌ നേതാക്കൾ പറഞ്ഞു. ഇത്തരത്തിൽ പൗരത്വം നിശ്‌ചയിക്കുന്നത്‌ മതരാഷ്‌ട്രങ്ങളാണ്‌. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്‌. ആർട്ടിക്കിൾ 14 അനുസരിച്ച്‌ നിയമത്തിന്റെ സംരക്ഷണം എല്ലാവർക്കും തുല്യമായി ലഭിക്കണം.
 പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്‌. നിയമപ്രകാരം ആറ്‌ വിഭാഗങ്ങൾക്കൊഴികെ പൗരത്വം കിട്ടാതെ വരും. മുസ്ലീങ്ങളെ പുറംതള്ളുക എന്നതാണ്‌ ലക്ഷ്യം. ഇത്‌ രാജ്യത്തിന്റെ  അടിസ്ഥാന സ്വഭാവമായ മതനിരപേക്ഷതയെയും ഭരണഘടനയെയും തകർക്കും. വർഗീയ ധ്രുവീകരണമാണ്‌ ബിജെപി ലക്ഷ്യമിടുന്നത്‌. ദളിതരും ആദിവാസികളും പിന്നോക്കക്കാരും നാളെ വിവേചനത്തിനിരയാകും. ഇതുവഴി ഇന്ത്യ പ്രാകൃതാവസ്ഥയിലേക്ക്‌ മാറുമെന്നും നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ബഹുജനസംഗമം വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എക്‌സ് ഏണസ്റ്റ്, സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി ജി ലാലു എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top