21 February Thursday

ബി എസ‌് രാജീവിന‌് നാടിന്റെ യാത്രാമൊഴി

സ്വന്തം ലേഖകൻUpdated: Monday Jan 14, 2019

ബി എസ്‌ രാജീവിന്റെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നപ്പോൾ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, എം വിജയകുമാർ, വി ശിവൻകുട്ടി, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കുന്നു

തിരുവനന്തപുരം
അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി  എസ‌് രാജീവിന‌് നാടിന്റെ യാത്രാമൊഴി. ധീരസഖാവിന്റെ വിയോഗമറിഞ്ഞ‌് വിവിധ രാഷ്ട്രീയ പാർടി നേതാക്കളും പ്രവർത്തകരും  ജനപ്രതിനിധികളും ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങൾ ശനിയാഴ‌്ച രാത്രിമുതൽ  പേരൂർക്കട അമ്പലംമുക്കിലെ വീട്ടിലേക്ക‌് ഒഴുകിയെത്തി. ഞായറാഴ‌്ച രാവിലെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കോലിയ‌ക്കോട‌് കൃഷ‌്ണൻ നായർ, ഏരിയ സെക്രട്ടറി എസ‌് എസ‌് രാജലാൽ എന്നിവരും  മറ്റു നേതാക്കളും ചേർന്ന‌് രക്തപതാക പുതപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം  ആനത്തലവട്ടം ആനന്ദൻ തുടങ്ങി നിരവധി നേതാക്കളും ജനപ്രതിനിധികളും വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. 
 
സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങൾ, വർഗബഹുജന സംഘടനകൾ, സാംസ‌്കാരിക സംഘടനകൾ,  സർവീസ‌് സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ പുഷ‌്പചക്രം അർപ്പിച്ചു. തുടർന്ന‌് മൃതദേഹം സഖാവിന്റെ കർമകേന്ദ്രമായിരുന്ന പേരൂർക്കടയിലെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക‌് കൊണ്ടുപോയി. അവിടെയും നൂറുകണക്കിനാളുകളാണ‌് പ്രിയ സഖാവിന‌് അന്ത്യാഞ‌്ജലി അർപ്പിക്കാനെത്തിയത‌്. ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം സിപിഐ എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ മേട്ടുക്കടയിലെ കാട്ടായിക്കോണം വി ശ്രീധർ മന്ദിരത്തിലെത്തിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ‌ഷ‌്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന‌് വിലപയാത്ര  ശാന്തികവാടത്തിലേക്ക‌് നീങ്ങി. തിങ്ങിക്കൂടിയ ആയിരങ്ങളുടെ കണ്‌ഠങ്ങളിൽനിന്ന‌് ഉയർന്ന ലാൽസലാം വിളികൾക്കിടെ പ്രിയ സഖാവ‌് ബി എസ‌് രാജീവ‌് ഓർമയായി. 
 
 വൈകിട്ട‌് പേരൂർക്കടയിൽ ചേർന്ന അനുശോചനയോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ‌് എസ‌് രാജലാൽ അധ്യക്ഷനായി.    വിവിധ രാഷ്ട്രീയ പാർടികളുടെ നേതാക്കളായ ആനാവൂർ നാഗപ്പൻ, പന്ന്യൻ രവീന്ദ്രൻ, കെ മുരളീധരൻ എംഎൽഎ, എം വിജയകുമാർ, എം ജയചന്ദ്രൻ, പാലോട‌് സന്തോഷ‌്, ദീപു രാധാകൃഷ‌്ണൻ, സി സുദർശനൻ, കെ സി വിക്രമൻ, വി കെ മധു, വട്ടിയൂർക്കാവ‌് ശ്രീകുമാർ, വട്ടപ്പാറ ബി ബിജു എന്നിവർ സംസാരിച്ചു.
 
 
 
 
 
 
പ്രധാന വാർത്തകൾ
 Top