21 February Thursday
കണ്ണിന്‌ വിരുന്നായി വസന്തോത്സവം

ഇരപിടിയൻ; വില്ലനല്ല സൂപ്പർ സ‌്റ്റാർ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ഇരപിടിയൻ ചെടികൾ

തിരുവനന്തപുരം
വസന്തോത്സവത്തിലെ സൂപ്പർ സ‌്റ്റാറായി സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികൾ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളാണ‌് ഇരപിടിയൻ. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള ‘പിറ്റ്ചർ’  കെണിയിൽ വീഴ‌്ത്തി വിഴുങ്ങുന്നതാണ‌് നെപ്പന്തസ് ചെടികളുടെ സവിശേഷത.
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. ഇരപിടിയൻ ചെടികളുടെ രണ്ട് ഇനങ്ങളാണ്  പ്രദർശനത്തിലുള്ളത‌്. ഇതിൽ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് . ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി കിടക്കുന്ന സഞ്ചിപോലുള്ള പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിലകപ്പെടുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം.    പാലോട് ഗാർഡനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന 45  ഇനം ഇരപിടിയൻ ചെടികളുടെ ശേഖരമുണ്ട‌്. അത്ഭുതച്ചെടികളെ നേരിൽക്കാണാൻ താൽപര്യമുള്ളവർക്ക് പാലോട് ബൊട്ടാണിക്കൽ ഗാർഡനും സന്ദർശിക്കാം.  സിക്കിമിൽ നിന്നുള്ള ഓർക്കിഡുകളാണ‌് വസന്തോത്സവത്തിലെ മറ്റൊരാകർഷണം. 
 
തണുത്ത കാലാവസ്ഥയിൽ മാത്രം പുഷ്പിക്കുന്ന  ഓർക്കിഡുകളാണിവ. മൊക്കാറാ,ഡാൻസിംഗ് ഗേൾ ഫലനോപ്‌സിസ് വിഭാഗത്തിൽപ്പെട്ട ഓർക്കിഡുകളും തായ്‌ലന്റിൽ നിന്ന‌് എത്തിയിട്ടുള്ള ഓർക്കിഡുക‌ളും സ്റ്റാളിലുണ്ട്. പുഷ്പാലങ്കാര സമ്പ്രദായങ്ങളുടെ കൗതുക കാഴ്ചയും കനകക്കുന്ന് കൊട്ടാരത്തിന്റെ അകത്തളത്തിലുണ്ട‌്. ബംഗ‌ളൂരുവിൽനിന്നെത്തിച്ച വിവിധയിനം പുഷ്പങ്ങൾ ഉപയോഗിച്ചാണ് ബൊക്കെകൾ, ഫ്‌ളവർ പോട്ടുകൾ തുടങ്ങിയ പുഷ്പാലങ്കാര മാതൃകകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.  ലില്ലി, റോസ്, കാർണേഷ്യം, ഹെലിക്കോണിയ, ക്രിസാന്തിമം, ഗ്ലാഡിയോല തുടങ്ങി അതിമനോഹരമായ പുഷ്പങ്ങൾ വർണ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top